25 July, 2025 08:51:56 AM
തിരുവല്ലയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് 22 കാരൻ മരിച്ചു; 2 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: നിയന്ത്രണം വിട്ട കാര്‍ കുളത്തില്‍ വീണ് ഒരാൾ മരിച്ചു. തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കല്‍ സ്വാമിപാലം ശ്രീവിലാസത്തില്‍ ജയകൃഷ്ണനാണ് (22) മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ജയകൃഷ്ണന്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവര്‍ക്ക് പരിക്കേറ്റു. ഇതിൽ ഐബിയുടെ നില ഗുരുതരമാണ്.
തിരുവല്ലയിൽ നിന്നും മടങ്ങുന്ന വഴിയാണ് ജയകൃഷ്ണനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. മുത്തൂർ – കാവുംഭാഗം റോഡില്‍വച്ച് നിയന്ത്രണം വിട്ട കാർ ആദ്യം പോസ്റ്റിൽ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് യുവാക്കളെ കാറിൽ നിന്നും പുറത്തെടുത്തത്. ഉടൻ തന്നെ മൂവരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും ജയകൃഷ്ണൻ മരിച്ചിരുന്നു.
അതേസമയം, പ്രാഥമിക ചികിത്സയ്ക്ക് ശേഷം അനന്തു ആശുപത്രി വിട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐബി സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.