18 July, 2025 03:08:03 PM
കടമ്മനിട്ട സ്‌കൂള്‍ വളപ്പിലെ കെട്ടിടം തകര്‍ന്നു വീണു; ഒഴിവായത് വൻ അപകടം

പത്തനംതിട്ട: കടമ്മനിട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നു വീണു. സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങളാണ് തകര്‍ന്നുവീണത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ടു വര്‍ഷമായി ഈ കെട്ടിട ഭാഗങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നു വീണതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി കണ്ടെത്തിയത്. മേല്‍ക്കൂരയും മണ്‍കട്ടകള്‍കൊണ്ടു നിര്‍മിച്ച ഭിത്തിയും അടക്കമുള്ള ഭാഗങ്ങളാണ് തകര്‍ന്നു വീണത്. 80 വര്‍ഷത്തിനടുത്ത് പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്ന കെട്ടിടത്തിന് സമീപം കുട്ടികള്‍ വിശ്രമിക്കാന്‍ ഇരിക്കാറുണ്ടായിരുന്നു. കെട്ടിടം ഇടിഞ്ഞുവീണത് രാത്രിയായതിനാല്‍ വലിയ അപകടം ഒഴിവായി.