15 July, 2025 11:04:26 AM
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു; ആലപ്പുഴയിൽ വയോധികയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കൊമ്മാടിയിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാൽനട യാത്രക്കാരായ സ്ത്രീകളെ കാറിടിക്കുകയായിരുന്നു. അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്.
കൊമ്മാടി സ്വദേശി സുദിക്ഷണ (60) ആണ് മരിച്ചത്. ബിന്ദുവി(50)നാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ബിന്ദുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരും റോഡ് മുറിച്ചു കടക്കുമ്പോഴാണ് കാറിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.