14 July, 2025 11:05:25 AM


വിപഞ്ചികയുടെയും കുട്ടിയുടെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു



കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്റെയും (33) ഒന്നരവയസുകാരിയായ മകള്‍ വൈഭവിയുടെയും മരണത്തിൽ പൊലീസ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തു. 

വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളുൾപ്പെടുത്തി ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയും സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിന്‍റെ അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തത്.

മരണത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയും നല്‍കിയിരുന്നു. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാട്ടിൽ കൊണ്ട് വന്ന് വിചാരണ നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഭർത്താവും വീട്ടുകാരും ചേർന്നാണ് മക്കളെ കൊലപ്പെടുത്തിയതെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന്റെ ആരോപണം.

2020 നവംബറിലാണ് കോട്ടയം സ്വദേശി നിതീഷ് വിവാഹം കഴിക്കുന്നത്. അതിന് പിന്നാലെ ഭര്‍തൃവീട്ടുകാരുടെ പീഡനം തുടങ്ങിയെന്നാണ് ആരോപണം.വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. വിപഞ്ചിക ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും ഫോണും കാണാതായതിനെപ്പറ്റി അന്വേഷിക്കണമെന്നും ർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944