09 July, 2025 02:38:37 PM


'മതമില്ലാതെ വളരുന്ന കുട്ടികൾ നാളെയുടെ വാഗ്ദാനം'- ജസ്റ്റിസ് വി ജി അരുണ്‍




കൊച്ചി: മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങളെന്ന് കേരളാ ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍. കേരളാ യുക്തിവാദി സംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ രേഖകളില്‍ മതം രേഖപ്പെടുത്തുന്നില്ലെന്ന് തീരുമാനിക്കുന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും അരുണ്‍ പറഞ്ഞു. 'മതം എന്ന കോളം പൂരിപ്പിക്കാതെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ചതിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. കാരണം ഈ കുട്ടികള്‍ നാളത്തെ വാഗ്ദാനങ്ങളാണ്. മറ്റുളളവര്‍ ചോദിക്കാന്‍ മടിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത് അവരായിരിക്കും'- ജസ്റ്റിസ് അരുണ്‍ പറഞ്ഞു.

മതവിശ്വാസമില്ലാത്തവരാണ് എന്ന ഒറ്റ കാരണത്താല്‍ മാത്രം EWS സര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിക്കാന്‍ കഴിയില്ലെന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസാണ് അരുണ്‍. ഒരു മതത്തില്‍ മാത്രം ആരെയും ബന്ധിച്ചിടാനാവില്ലെന്നും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ വ്യക്തികള്‍ക്ക് മതം മാറ്റാന്‍ അനുവദിക്കണമെന്നും അദ്ദേഹം മറ്റൊരു വിധിപ്രസ്താവത്തിൽ പറഞ്ഞിരുന്നു.

സമൂഹമാധ്യമങ്ങളിലെ പോരാളികളുടെ സൈബര്‍ ആക്രമണങ്ങളിലും വി ജി അരുണ്‍ ആശങ്ക പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയയിലെ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ എഫ് ഐ ആറിട്ട നിരവധി കേസുകള്‍ കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് പറഞ്ഞ അരുണ്‍, മലയാളികള്‍ക്ക് എങ്ങനെ സ്വന്തം ഭാഷയെ അശ്ലീലവും അധിക്ഷേപകരവുമായ പോസ്റ്റുകളിട്ട് മലിനമാക്കാനും തരംതാഴ്ത്താനും കഴിയുന്നുവെന്നും ചോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912