05 July, 2025 07:45:24 PM
പുതുപ്പരിയാരത്ത് റെയില്‍ ഫെന്‍സിങ്ങിന് 18 കോടിയുടെ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കും

പുതുപ്പരിയാരം: നിരന്തരം വന്യമൃഗശല്യം അനുഭവപ്പെടുന്ന പഞ്ചായത്തുകളില്‍ ഒന്നായ പുതുപ്പരിയാരത്ത് റെയില്‍ ഫെന്‍സിങ്ങിനായി 18 കോടി രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും ജില്ല കളക്ടര്‍ ജി.പ്രിയങ്കയും വനംവകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ട പ്രകാരമാണ് സര്‍ക്കാരിന് പ്രപ്പോസല്‍ സമര്‍പ്പിക്കുക. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ - ജില്ലാതല നിയന്ത്രണ സമിതി അവലോകന യോഗത്തിലാണ് പ്രപ്പോസല്‍ സംബന്ധിച്ച് മന്ത്രി അറിയിച്ചത്. വൈദ്യുതവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
വന്യമൃഗശല്യം അധികരിച്ചു നില്‍ക്കുന്ന അകത്തേത്തറ, പുതുപ്പരിയാരം, മലമ്പുഴ, മുണ്ടൂര്‍, പുതുശ്ശേരി പഞ്ചായത്ത് ഭാരവാഹികളും ഫോറസ്റ്റ് അധികൃതരും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട യോഗമാണ് വിളിച്ചു ചേര്‍ത്തത്. വന്യമൃഗാക്രമണ പ്രതിരോധത്തിനായി ജനജാഗ്രത സമിതിയ്ക്ക് പുറമെ പഞ്ചായത്ത് തലത്തില്‍ പോലീസ്-വനംവകുപ്പ് സംഘം രൂപീകരിക്കണം. ഫോറസ്റ്റ് റെയ്ഞ്ച് തലത്തില്‍ പരിശീലനം നല്‍കിയ പ്രദേശികമായി ലഭ്യമാകുന്ന യുവാക്കളായ ഷൂട്ടേഴ്‌സിനെ ഉള്‍പ്പെടുത്തി പാനല്‍ രൂപീകരിക്കണം. യൂക്കാലിപ്സ് മരങ്ങള്‍ക്ക് പകരമായി പ്ലാവ് പോലുളള ഫലവൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കാനായാല്‍ ഒരു പരിധിവരെ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് പരിഹാരമാകും.
വേഗത്തില്‍ കായ്ക്കുന്ന ഫലവൃക്ഷതൈകള്‍ നടുന്നതിന് പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഒലവക്കോട് റെയിഞ്ചിലെ മുണ്ടൂര്‍ സെക്ഷന്‍ പരിധിയില്‍ ജനവാസ മേഖലകളിലെ അടിക്കാടുകള്‍ വെട്ടിത്തെളിച്ചിട്ടുണ്ട.് തെരുവ് വിളക്കുകള്‍ക്കായി 20 ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. വൈദ്യുതി ലൈന്‍ വലിക്കാന്‍ സാധിക്കാത്ത വന്യമൃഗശല്യമുളള പട്ടികജാതി-വര്‍ഗ്ഗ കോളനികളിലുള്‍പ്പെടെ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാവുന്നതാണെന്ന് മന്ത്രി അറിയിച്ചു. സോളാര്‍ സാധ്യമാകാത്ത പ്രദേശങ്ങളില്‍ സി സി ടി വി സ്ഥാപിക്കണം. വന്യമൃഗ ശല്യം നേരിടുന്ന ഇടങ്ങളില്‍ സോളാര്‍ ഫെന്‍സിങ് ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. സോളാര്‍ ഫെന്‍സിങ്ങിനായി ഓരോ പഞ്ചായത്തും ഫണ്ട് മാറ്റി വെയ്ക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.വൈദ്യുതി ലൈന്‍ വലിക്കാന്‍ സാധിക്കാത്ത വന്യമൃഗശല്യമുളള പട്ടികജാതി-വര്‍ഗ്ഗ കോളനികളെ കുറിച്ച് വിവരശേഖരണം നടത്താനും മന്ത്രി അറിയിച്ചു.
വനപരിധിയില്‍ ആനകളുടെ എണ്ണം കണ്ടെത്താനും ഒരാനയ്ക്ക് എത്ര സ്ഥല വിസ്തൃതി ആവശ്യമാണന്ന് കണ്ടെത്തണം.
ഡിവിഷണല്‍ ഫോറസ്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെയും (ഡി എഫ് ഇ ഒ സി) ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെയും ഏകോപനം (ഡി ഇ ഒ സി) വഴി കൃത്യമായി വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. 67 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതുവരെ ജനജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്.ഇനിയും രൂപീകരിക്കാത്ത പഞ്ചായത്തുകള്‍ ജനജാഗ്രത സമിതികള്‍ ജൂലൈ 15നകം രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനജാഗ്രത സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.പാലക്കാട് ജില്ലയില്‍ 51 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാഥമിക പ്രതികരണ സംഘം(പി ആര്‍ ടി ) വും രൂപീകരിച്ചു. പാലക്കാട് വനം ഡിവിഷനില്‍ 60 പേര്‍ക്ക് 'സര്‍പ്പ' സര്‍ട്ടിഫൈഡ് വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. ജില്ലയില്‍ എട്ടോളം ആരോഗ്യ സ്ഥാപനങ്ങളിലായി 5604 ആന്റിവനം ലഭ്യമാണ്.കാട്ടാന ആക്രമണം മൂലം മരിച്ച അലന്‍ ജോസഫ്, കുമാരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം കൈമാറിയിട്ടുണ്ടെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
കാട്ടാന ആക്രമണം മൂലം കിടപ്പിലായ ആന്റണിയുടെ വീട്ടിലേക്കുള്ള വഴി സഞ്ചാര യോഗ്യമാക്കാനായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡി എഫ് ഒ യുടെ നേതൃത്വത്തില്‍ പ്രവൃത്തികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് ഡി എഫ് ഒ രവികുമാര്‍ മീണ, പഞ്ചായത്ത് പ്രതിനിധികള്‍, വനം വകുപ്പ്,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.