22 January, 2024 03:16:10 PM
മകളുടെ വീട്ടില്‍ പോയി മടങ്ങവേ കാർ അപകടത്തിൽപ്പെട്ടു: എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്

ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് എംപിയുടെ കാറുമായി കൂട്ടിയിടിച്ചത്.
എംപിയുടെ കാലിനും നെറ്റിക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കുകൾ ഗുരുതരമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.പിയുടെ കാലിന്റെ എക്‌സ്‌റേ എടുത്തു.  നിരീക്ഷണത്തിലാണ് എംപി. ചങ്ങനാശ്ശേരിയില്‍ മകളുടെ വീട്ടില്‍പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എംപി. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ കാറിൽ എംപിയുടെ വാഹനം ഇടിക്കുകയായിരുന്നു.
                    
                                
                                        


