11 April, 2026 10:28:20 PM
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് മൂന്ന് മാസങ്ങൾക്ക് ശേഷം പിടിയിലാകുന്നത്. മുംബൈയിൽ നിന്നാണ് വിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രതി മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയാണ് പ്രതി പിടിയിലാകുന്നത്. വിനീഷിനെ ഞായറാഴ്ച നാട്ടിലെത്തിക്കും. മുംബൈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതി പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു.
മൂന്ന് മാസമായി മുംബൈയിലെ പല സ്ഥലങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു വിനീഷ്. ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണിൽ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചിരുന്നു. ഇതോടെയാണ് പ്രതിയുടെ ടവര്‍ ലൊക്കേഷൻ സംബന്ധിച്ച സൂചന പോലീസിന് ലഭിക്കുന്നത്. ഇതേ തുടർന്ന് മുംബൈയിലെത്തിയ അന്വേഷണ സംഘം രണ്ട് മാസമായി പ്രതിക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു. ഞായറാഴ്ച രാവിലെയോട് കൂടി പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് വിവരം. 2021 ജൂൺ 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയം നിരസച്ചതിലുള്ള വൈരാഗ്യത്തിൽ ദൃശ്യയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.




