07 December, 2025 12:10:26 PM
വെരിക്കോസ് വെയിന്‍ പൊട്ടിയതറിഞ്ഞില്ല; സ്ഥാനാര്‍ഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ രക്തം വാര്‍ന്ന് മരിച്ചു

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ഉദയകുമാറിന്റെ സ്ഥാനാർഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്ററായിരുന്നയാൾ രക്തം വാർന്ന് മരിച്ചു. ചമ്പക്കുളം കറുകയിൽ വീട്ടിൽ രഘു (53) ആണ് വേരിക്കോസ് വെയിൻ പൊട്ടിയതിനെ തുടർന്ന് മരണപ്പെട്ടത്.
അനൗൺസ്മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായി പ്രവർത്തിക്കുകയായിരുന്നു രഘു. വാഹനത്തിലിരിക്കെ വേരിക്കോസ് വെയിൻ പൊട്ടി രക്തം വാർന്നു പോകുന്നുണ്ടായിരുന്നെങ്കിലും ഈ വിവരം രഘു അറിഞ്ഞിരുന്നില്ല. വാഹനത്തിലായിരുന്നതിനാൽ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടുമില്ല.
ചമ്പക്കുളം പതിമൂന്നാം വാർഡിൽ സ്ഥാനാർഥിയുടെ സ്വീകരണം കഴിഞ്ഞതിന് ശേഷം രഘുവിന് അവശത അനുഭവപ്പെടുകയും വാഹനത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് രക്തം വാർന്നുപോകുന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്.




