27 November, 2025 12:09:00 PM
തൂമ്പാക്കുളത്ത് ഓട്ടോ മറിഞ്ഞ് വിദ്യാർഥികൾ മരിച്ച സംഭവം; ഡ്രൈവർക്ക് എതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ട തൂമ്പാക്കുളത്ത് സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവർക്ക് എതിരെ കേസ്. അമിതവേഗത, അലക്ഷ്യമായതും മനുഷ്യജീവന് ആപത്തുവരുത്തുന്ന രീതയിലുള്ള ഡ്രൈവിങ് എന്നിവയ്ക്ക് എതിരെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം അപകടത്തിൽ മരിച്ച ആദ്യലക്ഷ്മി, യദുകൃഷ്ണൻ എന്നീ കുട്ടികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
പാമ്പിനെ കണ്ട് വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലാണ് ആദ്യലക്ഷ്മിയുടെ മൃതദേഹമുള്ളത്. അതേസമയം യദുകൃഷ്ണന്റെ മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് സ്‌കൂളിൽ നിന്നും ആറ് കുട്ടികളെ ഓട്ടോറിക്ഷയിൽ കയറ്റികൊണ്ടുവന്നത്.
അമിതവേഗതയിലുള്ള വാഹനം വെട്ടിച്ചാൽ മാത്രമേ ഗുരുതരമായ രീതിയിലുള്ള അപകടമുണ്ടാകുവെന്ന നിഗമനത്തിലാണ് മേൽപ്പറഞ്ഞ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ കുട്ടികളിലൊരാൾ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജിലും മറ്റൊരു കുട്ടി കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ട കുട്ടികൾ.




