25 November, 2025 07:28:23 PM
ചിക്കന്‍ കഴുകുന്നത് ക്ലോസറ്റിന് മുകളില്‍ വെച്ച്; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ പൂട്ടിച്ചു

പന്തളം : ശബരിമല മണ്ഡലകാലം ആരംഭിച്ചത് മുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 350 പരിശോധനകള്‍ നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. 292 ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഭക്ഷ്യ സംരംഭകര്‍ക്ക് എട്ട് ബോധവല്‍ക്കരണ പരിപാടികളും രണ്ട് ലൈസന്‍സ് രജിസ്ട്രേഷന്‍ മേളകളും സംഘടിപ്പിച്ചു. പന്തളം കടയ്ക്കാടുള്ള മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്തു. ഇതരസംസ്ഥാന തൊഴിലാളികൾ നടത്തുന്ന ഹോട്ടലുകള്‍ പൂട്ടി.
തീര്‍ഥാടകര്‍ കൂടുതലെത്തുന്ന സ്ഥലങ്ങളിലും ഇടത്താവളങ്ങളിലും പ്രത്യേക പരിശോധനകള്‍ നടത്തിയത്. ഇത് കൂടാതെ സംസ്ഥാന വ്യാപകമായും പരിശോധനകള്‍ നടത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു.
മണ്ഡലകാലത്തോടനുബന്ധിച്ച് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. അപ്പം, അരവണ എന്നിവയുടെ സുരക്ഷിതത്വവും ഗുണനിലവാരവും പരിശോധിക്കുന്നതിനായി സന്നിധാനത്ത് ലാബ് സജ്ജീകരിച്ച് പരിശോധനകള്‍ നടത്തിവരുന്നു. അപ്പം, അരവണ എന്നിവയുടെ നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാര പരിശോധന പമ്പയില്‍ പ്രവര്‍ത്തിക്കുന്ന ലാബില്‍ നടത്തിവരുന്നു.




