21 November, 2025 08:38:08 PM


വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്‍



ആലപ്പുഴ: ആശുപത്രി കിടക്കയില്‍ വച്ച് ആവണിയുടെ കഴുത്തില്‍ മിന്നുകെട്ടി ഷാരോണ്‍. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ തുമ്പോളിയിലെ വീട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. രാവിലെ മേക്ക് അപ്പ് ചെയ്യാനായി കുമരകത്തുപോകുന്നതിനിടെ ആവണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ യുവതിയെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിവാഹം നിശ്ചയിച്ച മൂഹൂര്‍ത്തത്തില്‍ തന്നെ നടക്കണമെന്നതിനാല്‍ വരന്‍ ആശുപത്രിയിലെത്തി വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു 'അപൂര്‍വ' വിവാഹം നടന്നത്. താലി കെട്ടുന്നതിന് യുവതിയെ പരിചരിച്ച ഡോക്ടര്‍മാരും സാക്ഷികളായി. വരന്‍ താലി കെട്ടിയ സമയത്ത് വിവാഹത്തിന് ക്ഷണിച്ചവര്‍ക്ക് തുമ്പോളിയിലെ വീട്ടില്‍ സദ്യയും നടന്നു. ആവണിക്കു നട്ടെല്ലിനു പരിക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സര്‍ജറി നടക്കും. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്കും പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K