06 November, 2025 01:56:56 PM
തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന് ജീവപര്യന്തം

പത്തനംതിട്ട: തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന്‍ റെജി മാത്യുവിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും. നഷ്ടപരിഹാരം കുടുംബത്തിന് നല്‌കണമെന്നും കോടതി ഉത്തരവിട്ടു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ കോടതി അഭിനന്ദിക്കുകയും ചെയ്തു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളിൽ പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം, പ്രതിക്ക് തൂക്കുകയര്‍ നല്‍കണമെന്നാണ് കവിതയുടെ കുടുംബം ആവശ്യപ്പെട്ടത്.
2019 മാര്‍ച്ച് 12നാണ് തിരുവല്ല നഗരത്തില്‍വെച്ച് കവിയൂര്‍ സ്വദേശിനിയായ കവിതയെ (19) അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടറോഡില്‍വെച്ചായിരുന്നു സംഭവം. കവിതയും പ്രതിയും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഇതിനുശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്‌സിന് ചേര്‍ന്നു.
സംഭവദിവസം രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെയാണ് അജിന്‍ റെജി മാത്യു കവിതയെ ആക്രമിച്ചത്. ഇതിന് മുന്നോടിയായി തിരുവല്ലയിലെ പെട്രോള്‍ പമ്പില്‍നിന്ന് പ്രതി മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നാലെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആക്രമണത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച അജിനെ, കൈ കാലുകൾ ബന്ധിച്ച് നാട്ടുകാർ പൊലീസിൽ ഏൽപിക്കുകയായിരുന്നു.




