03 November, 2025 02:05:17 PM
തുറവൂരിൽ കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്

തുറവൂർ (ആലപ്പുഴ): തുറവൂർ ദേശീയപാതയിൽ അരൂർ – തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ മോഹം ആശുപത്രിയ്ക്ക് സമീപം കെഎസ്ആർടിസി ബസ്, നിർമാണ കമ്പനിയുടെ പുള്ളർ ലോറിയിൽ ഇടിച്ചു. അപകടത്തിൽ ബസ് യാത്രികരായ 4 പേർക്ക് പരിക്കേറ്റു. ബസിന്റെ മുൻഭാഗം തകർന്നു.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ചേർത്തലയിൽ നിന്ന് എറണാകുളത്തേക്കു വരികയായിരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്. അരൂർ ഭാഗത്തു നിന്ന് ഉയരപ്പാത നിർമാണ സാമഗ്രികളുമായി തുറവൂരിലേക്കു പോകുകയായിരുന്നു ലോറി.
സമീപത്ത് ഉയരപ്പാതയുടെ ടോൾ പ്ലാസ വരുന്ന ഭാഗത്ത് കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ പാതയുടെ ഒരുവശം തടസപ്പെടുത്തി രണ്ടു വരിപ്പാതയായി ക്രമീകരിച്ചിരുന്നു. എന്നാൽ, മറ്റൊരു വാഹനത്തെ മറികടന്ന് എതിർദിശയിലൂടെ വന്ന കെഎസ്ആർടിസി ബസ് പുള്ളർ ലോറിയിൽ ഇടിക്കുകയായിരുന്നു.
                    
                                
                                        


