30 October, 2025 10:51:22 AM


പത്തനംതിട്ടയില്‍ ഏഴാം ക്ലാസുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ച് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ



പത്തനംതിട്ട: അഴൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ അതിക്രൂരമായി ഉപദ്രവിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. കഴിഞ്ഞ ആറുവര്‍ഷമായി പിതാവില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനായ മകന്‍ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വീട്ടില്‍ നിന്നിറങ്ങിയോടി അടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. അവര്‍ സ്‌കൂളിലും പിന്നീട് ചൈല്‍ഡ് ലൈനിലും അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലാണ് കുട്ടി.

കുട്ടിയുടെ കയ്യില്‍ ചട്ടുകം പൊള്ളിച്ചു വയ്ക്കുക, പ്ലാസ്റ്റിക് കയര്‍ മടക്കി നടുവിലും പുറത്തും മര്‍ദിക്കുക, കൈ പിടിച്ച് ഭിത്തിയില്‍ ഇടിക്കുക തുടങ്ങിയ അതിക്രൂര പീഡനങ്ങളാണു പ്രതി മകനോടു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അഴൂരിലെ വീട്ടില്‍ പിതാവും മകനും മാത്രമായിരുന്നു താമസം. കുട്ടിയുടെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ ബന്ധം വേര്‍പിരിഞ്ഞിരുന്നു. കുട്ടിയുടെ അമ്മ വിദേശത്തു ജോലി ചെയ്യുകയാണ്. നാളെ നാട്ടിലെത്തും.

സംരക്ഷണം സംബന്ധിച്ച കാര്യങ്ങള്‍ ഇതിനു ശേഷം തീരുമാനിക്കും. 2019 മുതല്‍ പ്രതി ഉപദ്രവം തുടങ്ങിയിരുന്നു. എന്നാല്‍ കൂടുതല്‍ ഉപദ്രവിക്കുമോ എന്നു ഭയന്നു കുട്ടി വിവരം പുറത്തു പറഞ്ഞില്ല. ശിശുക്ഷേമ സമിതിയുടെ കൗണ്‍സലിങ്ങിനിടെയാണു കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. തുടര്‍ന്നു പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണു ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K