20 October, 2025 01:15:14 PM


ബസിടിച്ച് ബൈക്കില്‍ നിന്ന് തെറിച്ചുവീണു; അതേ ബസ് ദേഹത്ത് കയറിയിറങ്ങി 12 വയസുകാരന് ദാരുണാന്ത്യം



ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ വാഹനാപകടത്തിൽ 12 വയസുകാരന് ദാരുണാന്ത്യം. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്. ദേശീയപാതയിൽ പത്മാക്ഷികവലക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. അച്ഛനോടൊപ്പം ശബരീശൻ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. നിഷാദും ശബരീശൻ അയ്യനും ശബരീശന്‍റെ സഹോദരനും ഒന്നിച്ച് തുറവൂരിലേക്ക് ബൈക്കിൽ പോകുകയായിരുന്നു. ബസ് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് പിന്നിലിരുന്ന ശബരീശൻ അയ്യൻ തെറിച്ചു വീണ് സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു. ബസിന്‍റെ പിൻചക്രം കയറിയിറങ്ങി ശബരീശൻ തൽക്ഷണം മരിച്ചു. പരുക്കേറ്റ നിഷാദും ശബരീശന്‍റെ സഹോദരനും തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K