17 October, 2025 01:40:21 PM
ഐഷയെയും കൊലപ്പെടുത്തി; സെബാസ്റ്റ്യന്‍ കൊന്നവരുടെ എണ്ണം മൂന്നായി

ആലപ്പുഴ: ചേര്‍ത്തല ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തി. ഇതോടെ സെബാസ്റ്റ്യനെതിരെ മൂന്ന് കൊലക്കേസുകളാണുള്ളത്. ഐഷ കേസില്‍ സെബാസ്റ്റിയന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. ഐഷ കേസില്‍ ചേര്‍ത്തല പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഐഷയെയും കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ സമ്മതിച്ചിരുന്നു. ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടെയും ചേര്‍ത്തല സ്വദേശി ബിന്ദു പത്മനാഭന്റെയും കൊലപാതകക്കേസില്‍ സെബാസ്റ്റ്യനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സെബാസ്റ്റ്യന്‍ റിമാന്‍ഡിലാണ്. ആലപ്പുഴയ്ക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു ഐഷ അവസാനമായി വീട്ടില്‍ നിന്നും ഇറങ്ങിയത്. അന്ന് ഐഷ പോയത് സെബാസ്റ്റ്യന്റെ വീട്ടിലേക്കാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന് ശേഷം ഐഷയെക്കുറിച്ച് യാതൊരു വിവരവുമില്ല.
2006 ലാണ് ബിന്ദു പത്മനാഭനെ കാണാതാവുന്നത്. 2017 ലാണ് സഹോദരന്‍ ബിന്ദുവിനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുന്നത്. ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വില്‍പ്പന നടത്തിയതിന് സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ബിന്ദു കേസില്‍ സെബാസ്റ്റ്യന്‍ സംശയമുനയില്‍ ഉണ്ടായിരുന്നെങ്കിലും ഇയാള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല. പിന്നീട് ജെയ്‌നമ്മ കേസില്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായതോടെയാണ് മറ്റുതിരോധാനക്കേസുകളെ സംബന്ധിച്ച് പുനഃരന്വേഷണം തുടങ്ങിയത്. ഇതിനിടയിലാണ് ഐഷ തിരോധാനത്തിന് പിന്നിലും സെബാസ്റ്റ്യനാണെന്ന് കണ്ടെത്തിയത്.