07 October, 2025 03:26:32 PM
പത്തനംതിട്ടയിൽ കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടൈഗർ റിസർവിലെ വാച്ചറായ അനിൽ കുമാറിന്റെ (32) മൃതദേഹമാണ് പൊന്നമ്പലമേട് വനത്തിൽ ചൊവ്വാഴ്ച രാവിലെയോടെ കണ്ടെത്തിയത്. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വനംവകുപ്പിലെ താത്കാലിക വാച്ചറാണ്.
പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ചനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞുവീട്ടിൽനിന്ന് പോയതാണ് അനിൽകുമാർ. മൂന്നുദിവസമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട അനിൽകുമാർ കുന്തിരിക്കവും മറ്റ് വനവിഭവങ്ങളും ശേഖരിക്കാനാണ് ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് പോയതെന്നാണ് വിവരം. ഭാര്യ: മഞ്ജു. മക്കൾ: വിദ്യ, നിത്യ, ആദർശ്.