06 October, 2025 12:26:30 PM


പ്രണയംനടിച്ച് 14-കാരിയെ ഗർഭിണിയാക്കി; സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ



ആലപ്പുഴ: പതിന്നാല് വയസ്സുള്ള വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. നൂറനാട് പാറ്റൂർ നിരഞ്ജനം വീട്ടിൽ രഞ്ജുമോൻ (35) ആണ് അറസ്റ്റിലായത്. നൂറനാട് പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതി പടനിലം വഴിയോടുന്ന സ്വകാര്യബസിലെ ഡ്രൈവറാണ്. വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച് സ്‌നേഹം നടിച്ച് കടത്തിക്കൊണ്ടുപോയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാനില്ലെന്നുകാട്ടി രക്ഷിതാക്കൾ നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും ഗർഭിണിയാണെന്നും കണ്ടെത്തിയത്. ഗർഭഛിദ്രം നടത്താൻ പ്രതി പെൺകുട്ടിയെ നിർബന്ധിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. നൂറനാട് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ, സബ് ഇൻസ്‌പെക്ടർ മിഥുൻ, സീനിയർ സിപിഒമാരായ രജീഷ്, സിജു, സിവിൽ പോലീസ് ഓഫീസർമാരായ മനുകുമാർ, വിമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K