01 October, 2025 08:11:19 PM
ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ആലപ്പുഴയിൽ 17-കാരി അമ്മയെ കുത്തി പരിക്കേൽപിച്ചു

ആലപ്പുഴ: വാടയ്ക്കലിൽ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. മഹിളാ കോൺഗ്രസ് നേതാവിനാണ് മകളുടെ കുത്തേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ കുറച്ചു കാലമായി ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് അമ്മയും മകളുമായി തർക്കമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയും മകളുടെ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. അമ്മ മകളുടെ ഫോണിന്റെ ചാർജ്ജർ ഒളിച്ചുവച്ചതിനെ തുടർന്ന് ഇന്നും സമാനമായി തർക്കമുണ്ടായി. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് മകൾ അമ്മയുടെ കഴുത്തിൽ കുത്തുകയായിരുന്നു എന്നാണ് വിവരം.