01 October, 2025 09:26:30 AM
ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ 18കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപമാണ് സംഭവം. തര്‍ക്കത്തിനിടെ പെൺകുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ ആലപ്പുഴ ബീച്ച് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ ജോസ് (57) അറസ്റ്റിലായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ജോസിന് യുവതിയുടെ വീട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നു.
ഇന്നലെ ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ തിരിച്ചുപോയ ഇയാള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സിഗരറ്റ് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഉടൻ ഓടിരക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. കുടുംബം ആലപ്പുഴ സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.