08 January, 2026 08:58:48 AM
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുംബൈ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രയാഗിലെ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് അന്ത്യം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകുണ്ഡില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു.
പൂനെയില്‍ 1942 മെയ് 24നാണ് ജനനം. അമ്മ പ്രമീള. അച്ഛന്‍ സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിത-പരിസ്ഥിതിശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് ചെയ്തു.
1973 മുതല്‍ 2004 വരെ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അധ്യാപകനായിരുന്നു. ഇക്കാലയളവില്‍ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തില്‍ ഒരു വിഭാഗം ആരംഭിക്കുകയുണ്ടായി. സ്റ്റാന്‍ഫോഡിലും ബെര്‍ക്ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും ഗാഡ്ഗില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയും പ്രവർത്തിച്ചു.
ജന സംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. 2002-ലെ ഇന്ത്യ ബയോഡൈവേഴ്സിറ്റി ആക്ട് ഉണ്ടാക്കിയ സമിതിയില്‍ ഡോ. ഗാഡ്ഗില്‍ അംഗമായിരുന്നു. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായി ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു.



