06 January, 2026 06:30:40 PM


മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു



കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 3.40ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. കബറടക്കം ബുധൻ രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.   ഭാര്യ നദീറ, മക്കൾ അഡ്വ. വി ഇ അബ്ദുൾ ഗഫൂർ, വി ഇ അബ്ബാസ്, വി ഇ അനൂബ്.  

നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി. 2001 – 2006ലെ യുഡിഎഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി. 2001ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചു. 2006ല്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ചു. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചെയർമാൻ, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മന്ത്രിയായിട്ടുള്ള പ്രവർത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാൻ ക്രോണിക്കിളിന്റെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യുഎസ്എ ഇൻറർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് എന്നിവയ്ക്കും അർഹനായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925