10 November, 2025 07:13:08 PM


ഡിസംബര്‍ 8 മുതൽ 12 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി



തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ എട്ടുമുതല്‍ 12വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷാമാറ്റം. മാറ്റിവച്ച പരീക്ഷകള്‍ 2026 ഫെബ്രുവരിയില്‍ നടത്തുമെന്നും തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പിഎസ് സി അറിയിച്ചു.

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നാണ് പ്രഖ്യാപിച്ചത്. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്. തീയതി പ്രഖ്യാപിച്ചതോടെ, മട്ടന്നൂര്‍ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്. അതില്‍ മട്ടന്നൂര്‍ നഗരസഭയിലെ കാലാവധി കഴിഞ്ഞിട്ടില്ല. അതിനാല്‍ അതൊഴികെ, 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റിയിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആകെ 23,576 വാര്‍ഡുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാര്‍ഡും ഓരോ നിയോജകമണ്ഡലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാത്താകെ, 2, 84,30,761 ലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1, 34,12,470 പുരുഷക 1,50,180,10 പേര്‍ സ്ത്രീകളുമാണ്. 281 ട്രാന്‍സ് ജെന്‍ഡറുകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രവാസി വോട്ടര്‍മാരായി 2841 പേരും ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927