• ന്യൂഡൽഹി: മുൻ പ്രധാമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആരോ​ഗ്യം മോശമായതിനു പിന്നാലെ മൻമോഹൻസിങ്ങിനെ ഇന്ന് വൈകിട്ട് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു അന്ത്യം.


    2004 മുതല്‍ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് തുടര്‍ച്ചയായ രണ്ട് തവണയാണ് മന്‍മോഹന്‍സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. പ വി നരസിംഹ റാവു ഗവണ്‍മെന്റിലെ ധനകാര്യമന്ത്രിയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചിരിക്കുകയായിരുന്നു. 2024 ഏപ്രിലില്‍ രാജ്യസഭയില്‍ നിന്ന് അദ്ദേഹം രാജിവെച്ചു.


  • ഹൂസ്റ്റൺ: ഐസ് കാൻഡി മാൻ എന്ന നോവലിലൂടെ ശ്രദ്ധേയയായ ലോക പ്രശസ്ത പാക് എഴുത്തുകാരി ബാപ്‌സി സിദ്ധ്വ(86) അന്തരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യാ – പാക് വിഭജന കാലത്ത് പോളിയോ ബാധിതയായ ഒരു പാഴ്‌സി പെൺകുട്ടിയുടെ അനുഭവകഥ പറഞ്ഞ മലയാളമടക്കം ഒട്ടേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 'ഐസ് കാൻഡി മാൻ' നോവൽ ലോക ശ്രദ്ധ നേടിയിരുന്നു.

    1938 ൽ കറാച്ചിയിലായിരുന്നു ബാപ്‌സിയുടെ ജനനം. കുട്ടിക്കാലം മുതലേ എഴുത്തിനോട് കമ്പമുണ്ടായിരുന്ന ബാപ്സിയുടെ ആദ്യ പുസ്തകം ദി ക്രോ ഈറ്റേഴ്‌സ് ആയിരുന്നു. പാഴ്‌സികളുടെ ജീവിതവും ചരിത്രവുമായിരുന്നു ദി ക്രോ ഈറ്റേഴ്‌സിലൂടെ ബാപ്സി പറഞ്ഞുവച്ചത്. ആൻ അമേരിക്കൻ ബ്രാത്, ദി പാകിസ്ഥാനി ബ്രൈഡ്, വാട്ടർ തുടങ്ങിയവ മറ്റ് പ്രശസ്തമായ കൃതികളാണ്. പ്രധാനമായും പാക്കിസ്ഥാൻ പശ്ചാത്തലമാക്കിയുള്ള നോവലുകളായിരുന്നു ബാപ്സിയുടെ തൂലികയിൽ പിറന്നിരുന്നത്.

    കിനാവും കണ്ണീരും എന്ന പേരിലാണ് മലയാളത്തിൽ 'ഐസ് കാൻഡി മാൻ' പ്രസിദ്ധീകരിച്ചത്. ദീപാ മേത്ത ഇത് എർത്ത് പേരിൽ സിനിമയാക്കുകയും ചെയ്തു. സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഐസ് കാൻഡി മാൻ രചിച്ചതെന്നാണ് ബാപ്‌സി പിന്നീട് വെളിപ്പെടുത്തിയത്. ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 നോവലുകളുടെ ബി ബി സിയുടെ പട്ടികയിൽ പോലും ഐസ് കാൻഡി മാൻ ഇടംപിടിച്ചിട്ടുണ്ട്.


  • ന്യൂഡൽഹി : ലഘുഭക്ഷണ ബ്രാൻഡായ എപ്പിഗാമിയയുടെ സഹസ്ഥാപകനായ രോഹൻ മിർചന്ദാനി അന്തരിച്ചു. 41-ാം വയസിൽ ഹൃദയാഘാതം മൂലമാണ് മരണം. കേരളത്തിലെ സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ കാണപ്പെടാറുള്ള എപ്പിഗാമിയ യോഗർട്ട് ബ്രാൻഡിന്റെ സ്ഥാപകരിലൊരാളാണ് രോഹൻ മിർചന്ദാനി.

    1982-ൽ അമേരിക്കയിൽ ജനിച്ച രോഹൻ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് അമേരിക്കയിലാണ്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്റ്റേൺ സ്‌കൂൾ ഓഫ് ബിസിനസ്സിലും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്‌കൂളുകളിലൊന്നായ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിലുമായിരുന്നു ബിരുദപഠനം.

    2013-ൽ ഡ്രംസ് ഫുഡ് ഇന്റർനാഷണലിന്റെ സഹസ്ഥാപകനായി രോഹൻ തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചു. റോഹൻ മിർചന്ദാനി, ഗണേഷ് കൃഷ്ണമൂർത്തി, രാഹുൽ ജെയിൻ, ഉദയ് താക്കർ എന്നിവർ ചേർന്ന് 15 ലക്ഷം രൂപ മുതൽമുടക്കിലാണ് ഇത് ആരംഭിച്ചത്. മുംബൈയിലെ ഡെസേർട്ട് ലോഞ്ച് ആയിട്ടായിരുന്നു തുടക്കം.

    2015-ലാണ് രോഹനും സംഘവും ചേർന്ന് എപ്പിഗാമിയ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഗ്രീക്ക് യോഗട്ട് പരിചയപ്പെടുത്തി. ഇന്ത്യൻ വിപണിയിൽ വലിയ മാറ്റമുണ്ടാക്കിയ പ്രൊഡക്ട് ആയിരുന്നു ഇത്. പലരുചികളിൽ ലഭ്യമാവുന്ന യോഗർട്ട് ഉത്പന്നങ്ങൾ ജനങ്ങൾക്ക് താൽപര്യമുള്ളതിനാൽ തന്നെ എപ്പിഗാമിയ നഗരങ്ങളിൽ ജനപ്രിയമായി മാറിയത് അതിവേഗത്തിലായിരുന്നു. റോഹൻ മിർചന്ദാനി 2023 ഡിസംബറിൽ എക്‌സിക്യൂട്ടീവ് ചെയർമാനായി മാറി. സഹസ്ഥാപകനായ രാഹുൽ ജെയിൻ സഹസ്ഥാപകനും സി.ഇ.ഒയും ആയി ചുമതലയേറ്റു.


  • ചെന്നൈ: തമിഴ് സിനിമാ സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുതിയ ചിത്രം കുഴൈന്തകള്‍ മുന്നേട്ര കഴകത്തിന്റെ പ്രസ് മീറ്റ് നടക്കാനിരിക്കെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആൻജിയോ​ഗ്രാം ചെയ്യാനിരിക്കെയായിരുന്നു അന്ത്യം.

    2012ല്‍ കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ ശകുനിയിലൂടെയാണ് ശങ്കര്‍ ദയാന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്. രാഷ്ട്രീയ ആക്ഷേപഹാസ്യമായി എത്തിയ ചിത്രം വലിയ ശ്രദ്ധനേടി. 2016ല്‍ റിലീസ് ചെയ്ത വീര ധീര ശൂരന്‍ ആയിരുന്നു രണ്ടാമത്തെ ചിത്രം. വിഷ്ണു വിശാലും കാതറിന്‍ ട്രീസയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

    തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശങ്കര്‍ കുഴന്തൈകള്‍ മുന്നേട്ര കഴകത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു. സെന്തിലും യോഗി ബാബുവും പ്രധാന വേഷത്തിലെത്തിയത്. സ്‌കൂള്‍ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പറയുന്ന രാഷ്ട്രീയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. ലിസ്സി ആന്റണി, ശരവണന്‍, സുബ്ബു പഞ്ചു തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടെയാണ് സംവിധായകന്റെ അപ്രതീക്ഷിത വിയോഗം.



  • പാലക്കാട്: പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 200-ൽ പരം സിനിമകളിലും, 25-ൽ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു.

    തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളാണ്. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമാവുകയും കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു. 1971-ൽ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേർന്ന് പൗർണ്ണമി കലാമന്ദിർ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ ഈ ട്രൂപ്പ് പരിച്ചുവിടേണ്ടി വന്നു.

    കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്‌സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്‌സ് ഇന്റർനാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട്. പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വർണമയൂരം, ആയിരം നാവുള്ള മൗനം, രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാർ, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്‌നേഹപൂർവം അമ്മ, നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സർച്ച് ലൈറ്റ്, പാലം അപകടത്തിൽ, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികൾ തുടങ്ങിയവയാണ് പ്രസിദ്ധമായ നാടകങ്ങൾ. ചാലക്കുടി സാരഥി തീയറ്റേഴ്സിനു വേണ്ടി നടൻ തിലകൻ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകത്തിൽ മീന ഗണേഷ് ചെയ്ത 'കുൽസുമ്പി' എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു. എറണാകുളം ദൃശ്യകലാഞ്ജലിക്കായി എ എൻ ഗണേഷ് എഴുതി സംവിധാനം ചെയ്ത 'പാഞ്ചജന്യം' എന്ന നാടകം തുടർച്ചയായി മൂന്നു വർഷം അവതരിപ്പിച്ചു.

    ഇതടക്കം അദ്ദേഹം എഴുതിയ 20 ലേറെ നാടകങ്ങളിൽ മീനയും ഗണേഷും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 1976 ൽ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമയിലെത്തി. എന്നാൽ 1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയിൽ സജീവമായത്. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, പുനരധിവാസം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.


  • തൃശൂർ: മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്ററുമായ വാസുദേവൻ അന്തിക്കാട്‌ (73) അന്തരിച്ചു. അസുഖ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ മുറ്റിച്ചൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സിപിഐഎം ചൂരക്കോട്‌ തെക്ക്‌ ബ്രാഞ്ച്‌ അംഗമായിരുന്നു.

    1980 ൽ പത്രാധിപസമിതിയംഗമായി കോഴിക്കോട് സർവീസിൽ പ്രവേശിച്ചു. 2009ൽ സീനിയർ ന്യൂസ്‌ എഡിറ്ററായി തൃശൂരിൽ നിന്ന്‌ വിരമിച്ചു. കോഴിക്കോട്‌, കണ്ണൂർ, കൊച്ചി, കോട്ടയം യൂണിറ്റുകളിൽ ലേഖകനായും ന്യൂസ്‌ എഡിറ്ററായും ജോലി ചെയ്‌തു. പത്രപ്രവർത്തന ഉപരി പരിശീലനത്തിന്റെ ഭാഗമായി കിഴക്കൻ ജർമനി (ജിഡിആർ) സന്ദർശിച്ചു.

    കെഎസ്‌വൈഎഫ്‌ തൃശൂർ താലൂക്ക്‌ സെക്രട്ടറി, സിപിഐഎം അന്തിക്കാട്‌ ലോക്കൽ സെക്രട്ടറി, സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. റിട്ട അധ്യാപിക ഉഷാദേവിയാണ്‌ ഭാര്യ. മക്കൾ: സന്ദീപ്‌(ഫ്‌ളോറിഡ), സോന(ദുബായ്‌). മരുമക്കൾ: ഇ എം രഞ്‌ജിനി (ഫ്‌ളോറിഡ), വിമൽ ബാലചന്ദ്രൻ(ദുബായ്‌). വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന്‌ അന്തിക്കാടിനടുത്ത്‌ മുറ്റിച്ചൂരിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.



  • കോയമ്പത്തൂർ: ശ്രീലങ്കയിലെ റേഡിയോ സിലോണിന്റെ മലയാളം പരിപാടികളുടെ അവതാരകയെന്ന നിലയിൽ പ്രശസ്തയായിരുന്ന സരോജിനി ശിവലിം​ഗം (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

    പാലക്കാട് സ്വദേശിനിയായ സരോജിനി ശ്രീലങ്കക്കാരനായ ആർആർ ശിവലിം​ഗത്തെ വിവാഹം കഴിച്ച് എഴുപതുകളുടെ തുടക്കത്തിലാണ് ശ്രീലങ്കയിൽ എത്തുന്നത്. യാദൃച്ഛികമായി റേഡിയോയിൽ കേട്ട മലയാളം പരിപാടിയിൽ ആകൃഷ്ടയാവുകയും പിന്നീട് റേഡിയോ അവതാരകയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. അക്കാലത്ത് ദിവസവും അരമണിക്കൂറായിരുന്നു റേഡിയോയിൽ മലയാളം പരിപാടി.

    വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശ്രോതാക്കളുടെ കത്തുകളുടെ അവതരണവും നാട്ടിലുള്ള കുടുംബാം​ഗങ്ങൾക്കായി സന്ദേശ ​ഗാനങ്ങൾ അവതരിപ്പിക്കുന്നതും ഏറെ ശ്രദ്ധേയമായിരുന്നു. മാരിവില്ല്, രാ​ഗസം​ഗമം, ശബ്ദലഹരി, വനിതാരം​ഗം തുടങ്ങിയ ഒട്ടേറെ റേഡിയോ പരിപാടികൾക്ക് തുടക്കമിട്ട സരോജിനി ശിവലിം​ഗത്തിന് ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. 1983ൽ ശ്രീലങ്കയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ കുടുംബമായി നാട്ടിലേക്ക് മടങ്ങി. വർഷങ്ങളായി കോയമ്പത്തൂരായിരുന്നു താമസം.



  • ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ വിജയ് ശങ്കര്‍(76) അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിജയ് ശങ്കറിന്റെ ആഗ്രഹ പ്രകാരം മൃതദ്ദേഹം എയിംസിന് കൈമാറുമെന്ന് കുടുംബം അറിയിച്ചു.

    ഉത്തര്‍പ്രദേശ് കേഡറിലെ 1969 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയ് ശങ്കര്‍ 2005 ഡിസംബര്‍ 12 മുതല്‍ 2008 ജൂലൈ 31 വരെ സിബിഐ തലവനായിരുന്നു. വിജയ് ശങ്കര്‍ സിബിഐ ഡയറക്ടറായിരിക്കെയാണ് കുപ്രസിദ്ധമായ ആരുഷിഹേംരാജ് ഇരട്ടക്കൊലക്കേസ് സിബിഐ ഏറ്റെടുത്തത്. തെല്‍ഗി കുംഭകോണ അന്വേഷണം, ഗുണ്ടാസംഘം അബു സലേമിനെയും നടി മോണിക്ക ബേദിയെയും പോര്‍ച്ചുഗലില്‍ നിന്ന് കൈമാറുന്നതുള്‍പ്പെടെ വിജയ് ശങ്കറിന്റെ കാലത്താണ്.

    സിബിഐ ഡയറക്ടറാകുന്നതിന് മുമ്പ് ശങ്കര്‍ ദേശീയ ദുരന്ത നിവാരണ സേനയുടെയും സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്‌സിന്റെയും തലവനായിരുന്നു. 1990 കളില്‍ ജമ്മു കശ്മീരില്‍ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്തുത്യര്‍ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ നേടിയിട്ടുണ്ട്.



  • ആലപ്പുഴ: പ്രമുഖ സുന്നി നേതാവും പണ്ഡിതനും ആലപ്പുഴ പാലസ് ജുമാ മസ്ജിദ് ചീഫ് ഇമാമും മണ്ണഞ്ചേരി ദാറുല്‍ഹുദാ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍സെക്രട്ടറിയുമായ പഴവീട് വാര്‍ഡ് സുന്നി മന്‍സിലില്‍ ഡോ എം എം ഹനീഫ് മൗലവി(76) അന്തരിച്ചു. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകുന്നേരം മൂന്നിന് തെക്കേ മഹൽ ജുമാ മസ്ജിദിൽ. ദീര്‍ഘകാലം സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

    എസ് വൈ എസ് ദക്ഷിണ കേരള ഓര്‍ഗനൈസര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി, സംസ്ഥാന സമിതിയംഗം, ഇസ്ലാമിക് എഡ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ്, കാരന്തൂര്‍ സുന്നി മര്‍കസ് പ്രവര്‍ത്തക സമിതിയംഗം, സിറാജ് ദിനപത്രം പ്രസിദ്ധീകരണ സമിതിയായ തൗഫീഖ് പബ്ലിക്കേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.


  • ആലപ്പുഴ: നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു ജോണപ്പൻ മൂലങ്കുഴി അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എരമല്ലൂർ സാനിയ തിയറ്റർ ഉടമയും മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ്.

    ഭാര്യ സിമി ഷെൽജു പഴമ്പിള്ളി. മക്കൾ: സിയാൻ ഷെൽജു, ഷോണ്‍ ഷെൽജു, സോണിയ ഷെൽജു. മാതാവ് പരേതയായ ഫിൽബി ജോണപ്പന്‍. സഹോദരങ്ങൾ: ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെർനാർഡ്. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.




  • കൊച്ചി: കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ  പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്. പാർട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സര്‍വീസായിരുന്ന പി.പി.കെ. ആന്‍ഡ് സണ്‍സ് ഉടമകളിൽ ഒരാളായിരുന്നു.  സംസ്‌കാരം ഞായറാഴ്ച കോതമംഗലം മര്‍ത്തമറിയം വലിയപള്ളി സെമിത്തേരിയില്‍ നടക്കും. 



  • ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി.

    1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.1963ല്‍ എക്സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു.

    9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്. 1972 ല്‍ 'പ്രളയം' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 2010 ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഓംചേരിയുടെ ഓര്‍മക്കുറിപ്പുകള്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.



  • കോഴിക്കോട്: നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടന്‍ ബാലന്‍ കെ. നായരുടെ മകനാണ്.

    1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ' അസ്‌ത്രം' എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.



  • മംഗളുരു: മുതിർന്ന മാധ്യമ പ്രവർത്തകനും പ്രമുഖ ചിന്തകനും ദളിത് വോയ്സ് സ്ഥാപക പത്രാധിപരുമായ വി.ടി. രാജശേഖർ (93) അന്തരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു വിയോഗം. ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

    ഇന്ത്യൻ എക്സ്പ്രസിൽ രണ്ട് പതിറ്റാണ്ടോളം പ്രവർത്തിച്ച അദ്ദേഹം ദളിതുകളും പാർശ്വവത്കൃത സമൂഹങ്ങളും നേരിടുന്ന അനീതികൾ തുറന്നുകാട്ടാനും അവകാശങ്ങൾക്കായി വാദിക്കുവാനും വേണ്ടി 1981ലാണ് ദളിത് വോയ്സ് എന്ന സംരംഭം ആരംഭിച്ചത്.

    ബ്രാഹ്മണ്യ ചിന്തകളെയും സംഘ്പരിവാറിനെയും നിശിതമായി വിമർശിക്കുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് വിടവാങ്ങിയ വി.ടി. രാജശേഖർ. കുറഞ്ഞ കാലം കൊണ്ട് തന്നെ സാംസ്കാരിക വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ദളിത് വോയ്സിലെ പല രചനകളും ചൂടുപിടിച്ച സംവാദങ്ങൾക്കും വിവാദങ്ങൾക്കും വഴി തുറന്നു.

    വിവാദങ്ങളിൽ അകപ്പെട്ട രാജശേഖറിന്റെ പല രചനകളും മലയാളമുൾപ്പെടെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. അതേസമയം ദേശീയ അന്തർദേശീയ തലത്തിൽ നിരവധി ബഹുമതികൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. സംസ്കാരം നാളെ വൈകീട്ട് അഞ്ചിന് ഉഡുപ്പിക്കടുത്തുള്ള സ്വദേശമായ വോന്റിബേട്ടുവിൽ നടക്കും.


  • തൃശൂര്‍: സദ്യവട്ടങ്ങളില്‍ രുചിയുടെ മാസ്മരവിദ്യ ചാലിച്ചുചേര്‍ത്ത പ്രശസ്ത പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. .ഭാര്യ: മീന. മക്കള്‍: രാഹുല്‍, രമ്യ. സംസ്‌കാരം നാളെ രാവിലെ 9ന്.

    പാരമ്പര്യ മൂല്യങ്ങളും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പാചകകലയില്‍ തനതായ വ്യക്തിത്വം സൃഷ്ടിച്ച വ്യക്തിയാണ് കണ്ണന്‍ സ്വാമി. കലോത്സവങ്ങള്‍ക്കും അടുക്കളയൊരുക്കി പ്രശസ്തിനേടി. 1992 മുതല്‍ പാചകമേഖലയില്‍ കാലുറപ്പിച്ച കണ്ണന്‍ സ്വാമി അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഉള്‍ക്കൊണ്ടുകൊണ്ട് കാറ്ററിംഗ് മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി. 1994 ല്‍ കൃഷ്ണ കാറ്ററിംഗ് ഒരു ചെറുകിട യൂണിറ്റായി സ്ഥാപിതമായി. ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016ലെ ഇന്റര്‍ നാഷണല്‍ ക്വാളിറ്റി മാനേജ്മെന്റ് പുരസ്‌കാരം കൃഷ്ണകാറ്ററിംഗിനു ലഭിച്ചിട്ടുണ്ട്. 2006,2008,2009 വര്‍ഷങ്ങളില്‍ സിബിഎസ്ഇ കലോത്സവത്തിന് ഭക്ഷണമൊരുക്കിയതും കണ്ണന്‍ സ്വാമിയുടെ നേതൃത്വത്തിലായിരുന്നു. കൂടാതെ ക്ഷേത്രാഘോഷങ്ങള്‍ക്കും, പ്രശസ്തമായ ഒല്ലൂര്‍പള്ളി തിരുനാളിനും ആയിരങ്ങള്‍ക്ക് വിഭവങ്ങളൊരുക്കി




  • കൊല്‍ക്കത്ത: ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിയിലെ ദുർ​ഗ എന്ന കഥാപാത്രം ചെയ്ത നടി ഉമാ ദാസ് ​ഗുപ്ത അന്തരിച്ചു. സത്യജിത്ത് റായ് ആണ് പഥേർ പാഞ്ചാലി സംവിധാനം ചെയ്തത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ഉമാ ദാസ് ​ഗുപ്ത. ആനന്ദ് ബസാർ പത്രികയിലൂടെയാണ് നടിയുടെ ബന്ധുവും നടനും രാഷ്ട്രീയനേതാവുമായ ചിരഞ്ജീത് ചക്രബർത്തി ഇക്കാര്യം അറിയിച്ചത്.

    ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഉമാ ദാസ്​ഗുപ്തയുടെ മരണം സംഭവിച്ചത്. അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചികിത്സയിലായിരുന്നു. ഇടക്കാലത്ത് മരുന്നുകളോട് ശരീരം നന്നായി പ്രതികരിച്ചിരുന്നു, എങ്കിലും വീണ്ടും രോഗം അവരെ പിടികൂടുകയായിരുന്നു. വിദ​ഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ അവിടെവെച്ചുതന്നെ മരിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ തന്നെ സംസ്കാരം നടത്തുമെന്നും കുടുംബം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

    ഉമാ ദാസ് ഗുപ്ത വളരെ ചെറുപ്പത്തിൽ തന്നെ തിയേറ്റർ രം​ഗത്തേക്ക് വന്നയാളാണ്. ഉമ പഠിച്ചിരുന്ന സ്കൂളിലെ പ്രധാനാധ്യാപകൻ സംവിധായകനായ സത്യജിത് റായിയുടെ അടുത്ത സുഹൃത്തായിരുന്നു. ഈ അധ്യാപകനിലൂടെ റായ് ദുർ​ഗ എന്ന വേഷത്തിലേക്ക് ഉമയെ തെരഞ്ഞെടുക്കുകയായിരുന്നു പഥേർ പാഞ്ചാലിക്കുശേഷം വളരെക്കുറച്ച് ചിത്രങ്ങളിലാണ് ഉമ പിന്നീട് വേഷമിട്ടത്.

    ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ ഇതേ പേരിൽ 1929-ൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു സത്യജിത്ത് റായ് പഥേർ പാഞ്ചാലിയെന്ന ചിത്രമൊരുക്കിയത്. റായിയുടെ ആദ്യസംവിധാന സംരംഭവുമായിരുന്നു ഈ ചിത്രം. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരും പഥേർ പാഞ്ചാലിയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.


  • ചെന്നൈ: തമിഴ് യുവ സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു. ചെന്നൈയില്‍ വച്ച് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കരൾ രോ​ഗത്തെ തുടർന്ന് കുറച്ചുനാളായി രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

    2017-ൽ പുറത്തിറങ്ങിയ 'ഒരു കിടായിൻ കരുണൈ മനു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേഷ്. ഈ ചിത്രത്തിൽ പ്രവർത്തിച്ച ഛായാ​ഗ്രാഹകൻ ശരൺ ആണ് സുരേഷിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.

    എം മണികണ്ഠന്‍ സംവിധാനം ചെയ്ത 'കാക്ക മൊട്ടൈ'യിലൂടെ സഹസംവിധായകനായാണ് സുരേഷ് സിനിമാജീവിതം ആരംഭിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ഒരു കിടായിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ സംവിധായകനായി. ഭാര്യയും രണ്ട് മക്കളുമുണ്ട്. യോ​ഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നതിനിടയിലാണ് മരണം.


  • തൃശൂര്‍: പ്രശസ്ത ഫൊറന്‍സിക് സര്‍ജനും മംഗലാപുരം മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പാളുമായ ഡോ.എ രാമചന്ദ്രന്‍ (79) അന്തരിച്ചു. ഭൗതികശരീരം നാളെ രാവിലെ 8 മണിയ്ക്ക് വാഴക്കുളം ബ്ലസില്‍ കൊണ്ടുവരും. എട്ടരയ്ക്ക് സ്വദേശമായ ഊരകത്ത് പുന്നോക്കില്‍ തറവാട് വസതിയിലേയ്ക്ക് കൊണ്ടുപോകുകയും പതിനൊന്ന് മണി മുതല്‍ രണ്ട് മണി വരെയുള്ള പുന്നോക്കില്‍ തറവാട്ടിലെ (ഇന്‍സ് കേപ്പ് ഗ്രാം) പൊതു ദര്‍ശനത്തിനു ശേഷം മൂന്ന് മണിയ്ക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌ക്കരിക്കും.

    എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്. പരേതരായ ഡോ. പുന്നോക്കില്‍ രാമന്‍ മേനോന്റെയും അമ്മനത്ത് പത്മിനി അമ്മയുടെയും മകനാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ ഡോ.മാധവി രാമചന്ദ്രനാണ് ഭാര്യ. മഞ്ജുരാമചന്ദ്രന്‍ മകളും വൈദ്യനാഥന്‍ മരുമകനുമാണ്. ഇരുവരും കൊച്ചുമക്കളായ സിദ്ധാര്‍ഥും വരുണും യുഎസ്എ യിലാണ്. 


  • മുംബൈ: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.

    1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷന്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1987ലും 1991ലും കൊയിലാണ്ടിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എം.ടി പത്മ. നിയമത്തില്‍ ബിരുദവും ആര്‍ട്ട്‌സില്‍ ബിരുദാനാന്തര ബിരുദവും നേടിയ പത്മയുടെ രാഷ്ട്രീയ പ്രവേശം കെഎസ് യുവിലൂടെയായിരുന്നു. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.1999-ല്‍ പാലക്കാട് നിന്നും 2004-ല്‍ വടകരയില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

    കെ കരുണാകരന്‍ ഡിഐസി. രൂപീകരിച്ചപ്പോള്‍ അതിലേക്കു പോയ പത്മ പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചു വന്നു. 2013-ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലേയ്ക്ക് കോണ്‍ഗ്രസ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു.



  • ചെന്നൈ: പ്രശസ്ത തമിഴ് നടൻ ഡൽഹി ഗണേഷ്(80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം. 

    തമിഴ്, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1976ൽ കെ ബാലചന്ദ്രന്റെ പട്ടണ പ്രവേശം എന്ന മലയാള സിനിമയിലൂടെയായിരുന്നു ഡൽഹി ഗണേഷിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവ്. കെ ബാലചന്ദര്‍ ആണ് ഗണേശൻ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നൽകിയത്. പിന്നീടങ്ങോട്ട് നാനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. രജനികാന്ത്, കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

    നായകൻ, അവ്വൈ ഷണ്മുഖി, തെന്നാലി, സത്യാ, സാമി, സിന്ധുഭൈരവി, മൈക്കൽ മദന കാമ രാജൻ, അയൻ തുടങ്ങിയ തമിഴ് സിനിമകളിലെ വേഷങ്ങൾ എടുത്തുപറയേണ്ടതാണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, കൊച്ചി രാജാവ്, പോക്കിരി രാജ  തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ള മറ്റ് മലയാള സിനിമകൾ. 1979ൽ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. സിനിമയിലെത്തുന്നതിന് മുൻപ് പത്ത് വർഷത്തോളം ഇന്ത്യൻ എയർ ഫോഴ്‌സിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.



  • മുംബൈ: ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു. 35 വയസ്സായിരുന്നു. 'ദാദാഗിരി 2' എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ടെലിവിഷന്‍ നടനാണ് നിതിന്‍ ചൗഹാന്‍. യുപിയിലെ അലിഗഡ് സ്വദേശിയാണ്. 'ദാദാഗിരി 2' വിജയിച്ചതിന് ശേഷം ജനപ്രീതി നേടിയ താരം പിന്നീട് നിരവധി ഷോകളില്‍ അഭിനയിച്ചു.എംടിവിയുടെ 'സ്പ്ലിറ്റ്സ് വില്ല 5' എന്നതിന് പുറമേ 'സിന്ദഗി ഡോട്ട് കോം', 'ക്രൈം പട്രോള്‍', 'ഫ്രണ്ട്‌സ്' തുടങ്ങിയ സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടു. 2022ലെ 'തേരാ യാര്‍ ഹൂന്‍ മെയ്ന്‍' ആണ് താരം അവസാനമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഷോ. ഷോയിലെ അദ്ദേഹത്തിന്റെ സഹതാരങ്ങളായിരുന്ന സുദീപ് സാഹിറും സായന്തനി ഘോഷും അദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. നിതിന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് അദ്ദേഹത്തിന്റെ മുന്‍ സഹനടന്‍ വിഭൂതി താക്കൂര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചത്. 'എന്റെ പ്രിയപ്പെട്ടവനെ, സമാധാനത്തോടെ വിശ്രമിക്കൂ, ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, എല്ലാ പ്രശ്നങ്ങളെയും നേരിടാനുള്ള കരുത്ത് നിനക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോകുന്നു'- നിതിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് വിഭൂതി കുറിച്ചു.



  • പൂഞ്ഞാർ: പൂഞ്ഞാർ രാജകുടുംബത്തിലെ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു. 98 വയസായിരുന്നു. കായികകേരളത്തിന്റെ പിതാവായ കേണൽ ജി.വി. രാജയുടെയും, ആലക്കോട് തമ്പുരാൻ എന്നറിയപ്പെടുന്ന അവിട്ടംനാൾ പി.ആർ. രാമവർമരാജ, പി. കേരളവർമ രാജ എന്നിവരുടെ സഹോദരിയുമാണ് അത്തംനാൾ അംബിക തമ്പുരാട്ടി. പ്രായാധിക്യം കാരണം മകൾ ഉഷാ വർമയോടൊപ്പം വടക്കേടത്ത് കൊട്ടാരത്തിലാണ് തമ്പുരാട്ടി താമസിക്കുന്നത്.


  • ബെംഗളൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനുമായ ടി പി ഗോപാല്‍ നമ്പ്യാര്‍ ( ടിപിജി നമ്പ്യാര്‍) അന്തരിച്ചു. 95 വയസ്സായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.

    ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡ് ആയിരുന്നു ബിപിഎല്‍. 1963 ല്‍ പാലക്കാട്ടാണ് നമ്പ്യാര്‍ ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. ബിപിഎല്‍ എന്ന ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ചായിരുന്നു കമ്പനിയുടെ തുടക്കം. ബെംഗളൂരുവാണ് ആസ്ഥാനം.

    ടി.പി.ജി നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ വലിയ കുതിപ്പ് സൃഷ്ടിച്ച ബിപിഎല്ലിൻ്റെ സ്ഥാപകൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ വ്യവസായ ലോകത്ത് പ്രമുഖ സ്ഥാനമാണ് വഹിച്ചിരുന്നത്. പുതുതായി വ്യവസായ മേഖലയിലേക്ക് ഇറങ്ങുന്ന ആളുകൾക്ക് വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിൻ്റെ സംരംഭങ്ങൾ എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


  • ബെംഗളൂരു: ആധാര്‍പദ്ധതിയുടെ ഭരണഘടനാ സാധുത ആദ്യമായി ചോദ്യംചെയ്ത ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി(98) അന്തരിച്ചു. ഇന്ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്നു. 1977 നവംബര്‍ 28-ന് ആയിരുന്നു പുട്ടസ്വാമി കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1986-ല്‍ വിരമിക്കുന്നതുവരെ സ്ഥാനത്ത് തുടരുകയും ചെയ്തു.

    2012-ല്‍ തന്റെ 86-ാമത്തെ വയസ്സിലായിരുന്നു പുട്ടസ്വാമി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയത്. നിയമനിര്‍മാണം നടത്താതെ കേവലം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മാത്രം നടപ്പിലാക്കിയതാണ് പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോരാട്ടം. ഇത് സ്വകാര്യതാ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പിന്നീട് സുപ്രീംകോടതി സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ വിഭാഗത്തില്‍ പെടുമെന്ന സുപ്രധാന നിരീക്ഷണം നടത്തി.



  • മലപ്പുറം: കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നാലുദിവസമായി ആശുപതിയിൽ ചികിത്സയിലായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശിയാണ്. ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന പരിപാടിയില്‍ മുൻഷിയായി ശ്രദ്ധ നേടിയിരുന്നു. കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളിൽ കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനാണ്. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകീട്ട് 4ന് കാറൽമണ്ണ നരിക്കാട്ടിരി മന വളപ്പിൽ നടക്കും.



  • കൊച്ചി: മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവായിരുന്നു.





  • ത‍ൃശൂര്‍: സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു. 68 വയസായിരിന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. മൃതദേഹം ഇന്ന് പകൽ 11.30 ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനായി എത്തിക്കും. നാളെ രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം. ഭാര്യ: സതി. മകൻ: കൃഷ്ണചന്ദ്രൻ(ഗൾഫ്),

    കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാഷകൻ, രാഷ്ട്രീയ- സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട വടക്കേടത്ത് നിരവധി നിരൂപണഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 

    കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുമ്പോൾ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയർന്ന വിവാദങ്ങളെത്തുടർന്ന് 2012 ഡിസംബറിൽ അക്കാഡമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വടക്കേടത്തിനെ നീക്കിയത് വിവാദമായിരുന്നു.

    അക്കാഡമി മുറ്റത്ത് ഒറ്റക്കിരുന്ന് പ്രതിഷേധിച്ചതും വാർത്തയായിരുന്നു. ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 1955 ൽ തൃശൂർ നാട്ടികയിൽ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്തിന്റേയും സരസ്വതിയുടേയും മകനായി ജനനം. നാട്ടിക ഫിഷറീസ് ഹൈസ്‌കൂൾ, നാട്ടിക എസ്. എൻ. കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 



  • തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. 96 വയസ്സായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെ പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പ്രേംനസീറിൻ്റെ ആദ്യ നായികയായിരുന്നു നെയ്യാറ്റിൻകര കോമളം.

    കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. കല്ല്യാണിയമ്മ എന്ന വേഷത്തിലെത്തിയ 1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ആണ് കോമളത്തിന്റെ ശ്രദ്ധേയ ചിത്രം. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിൻറെ മുന്നാമത്തെ ചിത്രമായിരുന്ന മരുമകളിൽ അഭിനയിച്ചതോടെ അവർ കൂടതൽ ശ്രദ്ധനേടി.


  • മുംബൈ: നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു. 57 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ തിങ്കളാഴ്ചയാണ് അന്ത്യം. മറാത്തി, ബോളിവുഡ് സിനിമകളില്‍ സാന്നിധ്യമായ താരമാണ് അതുല്‍ പര്‍ചുരെ. വര്‍ഷങ്ങളായി ക്യാന്‍സറുമായുള്ള പോരാട്ടത്തിലായിരുന്നു താരം.

    കപില്‍ ശര്‍മ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനം ഉള്‍പ്പെടെ നിരവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ട അദ്ദേഹം അറിയപ്പെടുന്ന മറാത്തി നടനാണ്. ഹാസ്യ വേഷങ്ങളിലൂടെയാണ് അതുല്‍ പര്‍ചുരെ ശ്രദ്ധേയനായത്.

    നവര മഴ നവ്‌സാച്ച, സലാം-ഇ-ഇഷ്‌ക്, പാര്‍ട്ണര്‍, ഓള്‍ ദി ബെസ്റ്റ്: ഫണ്‍ ബിഗിന്‍സ്, ഖട്ടാ മീത്ത, ബുദ്ദാ… ഹോഗാ ടെറാ ബാപ്, ബ്രേവ് ഹാര്‍ട്ട് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയ വഴി ഏറെ വൈറല്‍ വീഡിയോകള്‍ അതുല്‍ പര്‍ചുരെ സൃഷ്ടിച്ചിരുന്നു.



  • മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിററ്റസുമായ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 11.30 യോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

    കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴി‍ഞ്ഞ മൂന്നു ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്.

    ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.

    1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു. അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റും. വിദേശസർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.


  • പത്തനാപുരം: മലയാള സിനിമാതാരം ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറിയിരുന്നു. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.അമ്മ'യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 



  • തിരുവനന്തപുരം : ആകാശവാണിയിലെ പ്രമുഖ വാർത്താ അവതാരകനായിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. റേഡിയോ വാർത്ത അവതരണത്തിൽ പുത്തൻ മാതൃക സൃഷ്ടിച്ച വാർത്താ അവതാരകനായിരുന്നു രാമചന്ദ്രൻ. ''വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ'' എന്ന ശബ്ദത്തിലൂടെയാണ് വർഷങ്ങളോളം മലയാളികൾ വാർത്തകളറിഞ്ഞത്. കെഎസ്ഇബിയിലെ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയിലെത്തിയത്. വാർത്തകൾ വായിക്കുന്നതിന് ഒപ്പം കൗതുക വാർത്തകൾ അവതരിപ്പിച്ചും ശ്രദ്ധേയനായി. 1984 ഒക്ടോബർ 31ന് ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ച വാർത്ത വായിച്ചതും രാമചന്ദ്രനായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. 



  • തിരുവനന്തപുരം: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. കെ മധു സംവിധാനം ചെയ്ത 'മൂന്നാം മുറ' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം.

    സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. കിരീടം സിനിമയിലെ അതികായകനായ വില്ലൻ... കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി. കിരീടം സിനിമയ്ക്ക് ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പ് കിലുക്കണ ചങ്ങാതി, രജപുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ച് സഹകരിക്കുകയുണ്ടായി. ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു. നാളെയാണ് സംസ്കാരം എന്നാണ് മോഹൻരാജിന്റെ വേർപാട് അറിയിച്ച് ദിനേശ് പണിക്കർ കുറിച്ചത്.




  • തിരുവനന്തപുരം : റഷ്യൻ, ഇം​ഗ്ലീഷ് ഭാഷാ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. സുധ വാരിയർ അന്തരിച്ചു. 85 വയസായിരുന്നു. താരതമ്യ ചലച്ചിത്ര പഠനത്തിന് റഷ്യൻ ഭാഷയിൽ കേരള സർവകലാശാലയിലെ ആദ്യ പിഎച്ച്ഡി ബിരുദധാരിയാണ്.

    സ്വന്തം ​ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി രചിച്ച അനുകൽപ്പനത്തിന്റെ ആട്ടപ്രകാരം എന്ന കൃതിക്ക് 2001ൽ ചലച്ചിത്ര സംബന്ധിയായുള്ള ഏറ്റവും മികച്ച കൃതിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. നോവലും ചെറുകഥകളും വിവർത്തനങ്ങളുമുൾപ്പെടെ പതിനഞ്ചിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

    ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ഇം​ഗ്ലീഷിലുള്ള ആത്മകഥ ഷാറൂഖ് ഖാൻ ബോളിവുഡിലെ രാജാവ് എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. റഷ്യൻ പുസ്തകങ്ങൾ മലയാളത്തിലേക്കും, മലയാള പുസ്തകങ്ങൾ റഷ്യനിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

    പരേതനായ ഡോ. ജി കെ വാരിയർ ആണ് ഭർത്താവ്. ഡോ. കെ പരമേശ്വരൻ (ആകാശവാണി തിരുച്ചിറപ്പള്ളി പ്രാദേശിക വാർത്താ വിഭാഗം മുൻ മേധാവി), സുലോചന രാംമോഹൻ (ചലച്ചിത്ര നിരൂപക) എന്നിവരാണ് മക്കൾ. സി വി രതി (റിട്ട. ബിഎസ്എൻഎൽ), എസ് രാംമോഹൻ ( ചാർട്ടേഡ് അക്കൗണ്ടന്റ്) എന്നിവർ മരുമക്കളുമാണ്.



  • കോഴിക്കോട്: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

    ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് വിലയിരുത്തിരുന്നു.

    1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിലേക്ക് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഈ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

    ഡിവൈഎഫ്ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു പുഷ്പന്റെ താമസം. പുഷ്പനെ കാണാന്‍ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെ അനേകായിരങ്ങള്‍ ഇതിനകം മേനപ്രത്തെ വീട്ടിലെത്തിയിരുന്നു. നാട്ടിലെ സിപിഐ എം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കുടുംബവുമാണ് സാന്ത്വന തണലായി ഒപ്പമുണ്ടായത്. കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി).




  • ലണ്ടൻ: രണ്ടുതവണ ഓസ്‍കർ പുരസ്കാരംനേടിയ നടി മാഗി സ്‍മിത്ത് അന്തരിച്ചു. 89 വയസായിരുന്നു. ഹാരിപോട്ടർ (പ്രൊഫസർ മിനർവ മഗൊനഗോൾസ), ഡൗൺ ടൗൺ അബേ എന്നീ സിനിമകളിലൂടെ 21 -ാം നൂറ്റാണ്ടിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച അഭിനേത്രിയാണ് മാഗി സ്‍മിത്ത്.  താരം നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തിയത്.

    വനേസ റെഡ്ഗ്രേവ്, ജുഡി ഡെഞ്ച് തുടങ്ങിയവർക്കൊപ്പം ഒരുകാലത്തെ ഏറ്റവും മികച്ച ബ്രിട്ടീഷ് നടിയായാണ് സ്‍മിത്തിനെ അറിയപ്പെട്ടിരുന്നത്. 'ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി' (1969) എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കും 'കാലിഫോർണിയ സ്യൂട്ടിലെ' (1978) പ്രകടനത്തിന് മികച്ച സഹനടിക്കുമുള്ള ഓസ്‍കർ പുരസ്കാരത്തിന് അർഹയായിരുന്നു. 

    ഒഥെല്ലോ, ട്രാവൽസ് വിത്ത് മൈ ആന്റ്, റൂം വിത്ത് എ വ്യൂ, ഗോഫോർഡ് പാർക്ക് എന്നീ സിനിമകളിലെ അഭിനയത്തിന് ഓസ്‍കർ നാമനിർദേശത്തിലും താരം ഇടംപിടിച്ചിട്ടുണ്ട്. 1967 ൽ നടൻ റോബട്ട് സ്റ്റീഫൻസിനെ വിവാഹം കഴിക്കുകയും 1975 ൽ വിവാഹ മോചിതയാകുകയും ചെയ്തു.  ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്.



  • കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു.  75 വയസ്സായിരുന്നു. ഉദുമ മുന്‍ എംഎല്‍എയാണ്. വാഹനാപകടത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്ബിന് സമീപമുണ്ടായ അപകടത്തില്‍ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ എതിർവശത്ത് നിന്നെത്തിയ ലോറിയില്‍ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോള്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ഒരു ഭാഗം തകർന്നു. അപകടത്തില്‍ വാരിയെല്ലിന് പരുക്കേറ്റ കുഞ്ഞിക്കണ്ണൻ കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളയാതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു.




  • ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാഹിത്യവിമര്‍ശകനും മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ (90) അന്തരിച്ചു. ഉത്തരാധുനികത, മുതലാളിത്തം എന്നിവയെക്കുറിച്ചും സമകാലിക സാംസ്‌കാരിക പ്രവണതകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ പ്രശസ്തമാണ്.

    ഒഹായോവിലെ ക്ലീവ്ലന്‍ഡില്‍ 1934-ലാണ് ഫ്രെഡറിക് ജെയിംസണിന്റെ ജനനം. 1959-ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി. കമ്പാരെറ്റിവ് ലിറ്ററേച്ചര്‍, റോമന്‍ സ്റ്റഡീസ്, എന്നിവയില്‍ ഡൂക്ക്, യേല്‍, ഹാര്‍വാഡ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ തുടങ്ങിയ സര്‍വകലാശാലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തിന് നിരവധി സംഭവനകള്‍ ചെയ്ത ഫ്രെഡറിക് ജെയിംസണ്‍ കൊഗ്നിറ്റിവ് മാപ്പിങ്, ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ് തുടങ്ങിയ പ്രശസ്തമായ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

    'ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ്' എന്ന പുസ്തകത്തിലൂടെ മാര്‍ക്സിസ്റ്റ് രീതിശാസ്ത്രത്തെ ആഴത്തില്‍ സ്ഥാപിച്ചെടുത്തു. മുതലാളിത്തവും രാഷ്ട്രീയവും സമകാലിക സാഹിത്യ സാംസ്‌കാരിക പ്രവണതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഫ്രെഡറിക് ജെയിംസണ്‍ നിരവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.


  • പത്തനംതിട്ട: പത്തു വര്‍ഷമായി ശബരിമലയിലെ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കല്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കുന്നേല്‍ ഗവ: ആശുപത്രിയില്‍ ഇന്നലെ രാത്രി 7.30നായിരുന്നു മരണം. കബറടക്കം ഇന്ന് 11ന് വായ്പൂര് പഴയപള്ളി കബര്‍സ്ഥാനില്‍.

    30 വര്‍ഷത്തിലേറെയായി ശബരിമല വാവരുനടയിലെ കര്‍മങ്ങള്‍ ചെയ്യുന്ന അബ്ദുല്‍ റഷീദ് മുസല്യാര്‍ ആറുമാസം മുന്‍പാണ് അവസാനമായി മലകയറിയത്. 16 വര്‍ഷം മുന്‍പ് സിദ്ദിഖ് മുസല്യാരുടെ മരണത്തെ തുടര്‍ന്നാണ് വെട്ടിപ്ലാക്കല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ വാവരുനടയിലെ മുഖ്യകര്‍മിയുടെ സ്ഥാനം ഏറ്റെടുത്തത്. ഫയിസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് രക്ഷാധികാരിയായിരുന്നു



  • കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു.അന്ത്യം കൊച്ചി ലിസി ആശുപത്രിയിൽ. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആറര പതിറ്റാണ്ടോളം നീണ്ട സിനിമ ജീവിതത്തിനാണ് തിരശീല വീണത്. 700 ഓളം സിനിമകളിൽ അഭിനയിച്ചു.

    1945 സെപ്റ്റമ്പർ 10 ന് പത്തനംതിട്ടയിൽ ജനനം. 14 വയസ്സുമുതൽ കലാരംഗത്ത് സജീവമായി. നാടകാഭിനയത്തിലൂടെയാണ് കവിയൂർ പൊന്നമ്മ സിനിമയിലേക്ക് എത്തിയത്. മികച്ച സഹനടിക്കുള്ള പുരസ്‌കാരം 4 തവണ ലഭിച്ചു.

    സിനിമയ്‌ക്കൊപ്പം ടെലിവിഷൻ സീരിയലുകളിലും നടി സജീവമായിരുന്നു. മാത്രമല്ല, സിനിമാ-നാടക പിന്നണി ഗാനരംഗത്തും പൊന്നമ്മ കഴിവ് തെളിയിച്ചിട്ടുണ്ട്. നിർമാതാവായ മണിസ്വാമിയെയായിരുന്നു കവിയൂർ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ൽ മണിസ്വാമി അന്തരിച്ചു. മകൾ ബിന്ദു അമേരിക്കയിലാണ് താമസിക്കുന്നത്.