• ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെലിവിഷന്‍ രംത്തെ ആദ്യകാല വാര്‍ത്താ അവതാരകരിലെ മുന്‍നിര മുഖങ്ങളില്‍ ഒന്നായ സരള മഹേശ്വരി (71) അന്തരിച്ചു. 1980 - 1990 കാലഘട്ടത്തില്‍ ദൂരദര്‍ശന്‍ വാര്‍ത്തകളുടെ മുഖമായിരുന്ന സരള മഹേശ്വരി വ്യാഴാഴ്ച ഡല്‍ഹിയില്‍ വച്ചാണ് അന്തരിച്ചത്.

    1976 മുതല്‍ 2005 വരെ ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകയായിരുന്ന സരള. ദൂരദര്‍ശന്റെ തുടക്കത്തില്‍ ദിവസം മണിക്കൂറുകള്‍ മാത്രം പ്രക്ഷേപണം ഉണ്ടായിരുന്ന സമയത്ത് വാര്‍ത്താ അവകാരകയായിരുന്നു ഇവർ. സരള മഹേശ്വരിയുടെ കുടുംബ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഷമ്മി നരംഗ് ആണ് മരണം സംബന്ധിച്ച വിവരം പങ്കുവച്ചത്. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച പോസ്റ്റിലാണ് ഷമ്മി മരണ വിവരം ലോകത്തെ അറിയിച്ചത്.  

    സരള മഹേശ്വരിയുടെ മരണത്തില്‍ ദുരദര്‍ശനും അനുശോചനം രേഖപ്പെടുത്തി. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറില്‍, ടെലിവിഷന്‍ വാര്‍ത്തകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും നിറങ്ങളുടെ ലോകത്തിലേക്ക് മാറുന്നതിന് സാക്ഷ്യം വഹിച്ച അവതാരക എന്നാണ് ദൂരദര്‍ശന്‍ സരള മഹേശ്വരിയെ വിശേഷിപ്പിച്ചത്. ദൂരദര്‍ശനിലെ ആദരണീയയായ അവതാരകയായിരുന്നു അവര്‍. സൗമ്യമായ ശബ്ദം, കൃത്യമായ ഉച്ചാരണം, മാന്യമായ അവതരണം എന്നിവയിലൂടെ ഇന്ത്യന്‍ വാര്‍ത്താ ലോകത്ത് ഒരു പ്രത്യേക സ്ഥാനം സൃഷ്ടിച്ചു. ലാളിത്യം, സംയമനം, വ്യക്തിത്വം എന്നിവ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് ഇടം നല്‍കി. എന്നും ദൂരദര്‍ശന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ പിഎച്ച്ഡി നേടിയ ശേഷമാണ് മഹേശ്വരി ദൂരദര്‍ശനില്‍ എത്തിയത്.



  • തിരുവനന്തപുരം: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം മുരളി അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയിൽ നിന്നും നിയമസഭയിലെത്തി.

    1953 ൽ ആലപ്പുഴയിലെ ചെറുകോലിൽ കെ പി മാധവൻ പിള്ളയുടെയും വി കെ രാജമ്മയുടെയും മകനായി ജനനം. എം ജി സർവശാലയുടെ ആദ്യ സെനറ്റ് അംഗവും കെ എസ് ഇ ബിയുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു. അദ്ദേഹം കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ബോർഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982-ൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് യുവാക്കളുടെ സെക്രട്ടേറിയറ്റ് മാർച്ച് നയിച്ചതോടെയാണ് എം മുരളി ശ്രദ്ധിക്കപ്പെടുന്നത്.

    1991ൽ മാവേലിക്കരയിൽ നിന്നും സി പി എമ്മിന്റെ എസ് ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1996ൽ സിപിഎമ്മിലെ പി എൻ വിശ്വനാഥനെ പരാജയപ്പെടുത്തി വീണ്ടും എംഎൽ‌എയായി. 2001 എൻ സി പി സ്ഥാനാർത്ഥി എൻ വി പ്രദീപ് കുമാറിനെ പരാജയപ്പെടുത്തി ഹാട്രിക് വിജയം സ്വന്തമാക്കി. 2006ൽ സിപിഎമ്മിന്റെ ജി രാജമ്മയെ പരാജയപ്പെടുത്തി അതേ സീറ്റിൽ നിന്നും വീണ്ടും വിജയിച്ചു. 2011ൽ കായംകുളത്ത് നിന്നാണ് ജനവിധി തേടിയത്. അന്ന് സിപിഎമ്മിന്റെ സി കെ സദാശിവനോട് 1315 വോട്ടുകൾക്ക് പരാജയപ്പെട്ടു.‌ 1972 മുതൽ 1977 വരെ അദ്ദേഹം കെ എസ് യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചു. 1980ൽ അദ്ദേഹം കെ എസ് യു സംസ്ഥാന പ്രസിഡന്റായി നിയമിക്കപ്പെട്ടു.



  • ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.  കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക്  മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. 



  • കൊച്ചി: കേരളത്തിലെ ആദ്യകാല നക്സൽ നേതാവായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു.കോതമം​ഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. കുന്നിക്കൽ നാരായണൻ, നക്സൽ വർഗീസ്, കെ അജിത തുടങ്ങിയവരോടൊപ്പം കേരളത്തിലെ നക്സലൈറ്റ് പോരാട്ടങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച നേതാവായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. തലശ്ശേരി പൊലീസ് ആക്രമണത്തിന് കുന്നിക്കൽ നാരായണനൊപ്പം നേതൃത്വം കൊടുത്തത് വെള്ളത്തൂവൽ സ്റ്റീഫനായിരുന്നു. പിന്നീട് വയനാട് കേന്ദ്രീകരിച്ച് ജന്മികൾക്കെതിരായി നടന്ന നക്സൽ ഓപ്പറേഷനുകളിലും വെള്ളത്തൂവൽ സ്റ്റീഫൻ നേതൃപരമായി ഇടപെട്ടിരുന്നു. നക്സലെറ്റ് നേതാവ് എന്ന നിലിൽ അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. ജയിലിൽ വെച്ച് തന്നെ നക്സൽ പ്രസ്ഥാനത്തോട് വിടപറഞ്ഞ വെള്ളത്തൂവൽ സ്റ്റീഫൻ പിന്നീട് കുറച്ച് സുവിശേഷ പ്രസം​ഗകൻ ആയും മാറിയിരുന്നു.

    നക്സൽ പ്രവർ‌ത്തനങ്ങളെ വിമർശനപരമായും സ്വയം വിമർശനപരമായും വിലയിരുത്തിയ ആത്മകഥയും വെള്ളത്തൂവൽ സ്റ്റീഫൻ രചിച്ചിരുന്നു. വെള്ളത്തൂവൽ സ്റ്റീഫൻ്റെ ആത്മകഥ എന്ന പേരിൽ പുറത്ത് വന്ന ആത്മകഥയിൽ നക്സൽ വിപ്ലവ പ്രവർത്തനങ്ങളുടെ ​ദൗർബല്യങ്ങളും അപചയങ്ങളും വെള്ളത്തൂൽ സ്റ്റീഫൻ അഭിസംബോധന ചെയ്തിരുന്നു. സഹപ്രവർത്തകരായിരുന്ന വർ​ഗീസ് മുതൽ കെ വേണു അടക്കമുള്ളവരുടെ പ്രവർത്തനങ്ങളും പുസ്തകത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മകഥയ്ക്ക് പുറമെ ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

    കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലെ കർഷക കുടുംബത്തിലായിരുന്ന ജനനം. പിന്നീട് പിതാവ് സക്കറിയയും അന്നമ്മയും വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിനെപ്പോലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായി. പിളർപ്പിന് ശേഷം സിപിഐയിൽ പ്രവർത്തിച്ച സ്റ്റീഫൻ ചാരുമജുംദാറിന്റെ നക്സലൈറ്റ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ ഭാ​ഗമാകുകയായിരുന്നു. പിന്നീട് കേരളത്തിൽ നക്സലൈറ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.



  • കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

    പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു.

    പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസന്‍. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി ടി ഉഷയുമായുള്ള വിവാഹം. മകന്‍. ഡോ. ഉജജ്വല്‍ വിഗ്‌നേഷ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം പിടി ഉഷ എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.


  • ന്യൂഡല്‍ഹി ബിസിസിഐ മുന്‍ പ്രസിഡന്റ് ഐ എസ് ബിന്ദ്ര അന്തരിച്ചു. 84 വയസ്സായിരുന്നു. ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1975-ലാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഐഎസ് ബിന്ദ്ര ക്രിക്കറ്റ് ഭരണരംഗത്തെത്തുന്നത്. 1993 മുതൽ 96 വരെ ബിസിസിഐ പ്രസിഡന്റായി പ്രവർത്തിച്ചു. 1978 മുതൽ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു.

    ജഗ്മോഹന്‍ ഡാല്‍മിയക്കൊപ്പം ബിസിസിഐയെ സമ്പന്ന കായിക സംഘടനയാക്കിയ വ്യക്തിയാണ് വിടപറഞ്ഞത്. 1994ല്‍ ക്രിക്കറ്റ് സംപ്രേഷണത്തില്‍ ദൂരദര്‍ശന്റെ കുത്തകാവകാശം തകര്‍ത്തു. 1987, 1996 ലോകകപ്പുകള്‍ ഇന്ത്യ വേദിയായതില്‍ നിര്‍ണായക പങ്ക് വഹിച്ചു ഇന്ത്യയും പാകിസ്ഥാനും വേദിയായ 1987 ലോകകപ്പ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും സുരക്ഷാ ആശങ്കകളാല്‍ ബഹിഷ്‌കരിക്കുമെന്ന ഘട്ടം വന്നപ്പോള്‍ ജനറല്‍ സിയാ ഉള്‍ ഹഖിനോട് ഇന്ത്യ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടത് വഴിത്തിരിവായി.

    അതിര്‍ത്തിയിലെ സൈനികനീക്കങ്ങള്‍ക്കിടെ 1987 ഫെബ്രുവരിയില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ അപ്രതീക്ഷിതമായി പാക് പ്രസിഡന്റ് എത്തിയതോടെ മഞ്ഞുരുകി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആണ് പ്രസിഡന്റ് ഗ്യാനി സെയില്‍ സിംഗിന്റെ സ്പെഷ്യല്‍ സെക്രട്ടറി ആയി 1978 മുതല്‍ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് നിയന്ത്രിച്ചു. പഞ്ചാബിലെ മോഹാലി സ്റ്റേഡിയം നിര്‍മിച്ചത് ബിന്ദ്രയുടെ കാലത്താണ്.



  • കോഴിക്കോട്: നാടകപ്രവര്‍ത്തകനും അഭിനയപരിശീലകനും ചലച്ചിത്ര ഗാനരചയിതാവുമായ വിജേഷ് കെവി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

    തകരച്ചെണ്ടയിലെ 'കുഞ്ഞു കുഞ്ഞു പക്ഷി', 'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. , പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങി മലയാളികള്‍ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. തകരച്ചെണ്ട എന്ന ചിത്രത്തില്‍ പാട്ടെഴുതിയാണ് ആദ്യമായി വിജേഷ് സിനിമ രംഗത്തേക്ക് കടക്കുന്നത്.

    കോഴിക്കോട് സ്വദേശിയായ വിജേഷ് കെവി സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയില്‍ സജീവമാകുന്നത്. വിവാഹ ശേഷം ഭാര്യയും നാടകപ്രവര്‍ത്തകയുമായ കബനിയുമായി ചേര്‍ന്ന് രൂപം നല്‍കിയ 'തിയ്യറ്റര്‍ ബീറ്റ്‌സ്' എന്ന ഗ്രൂപ്പിലൂടെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നാടക പരിശീലനവുമായി നിറഞ്ഞ് നിന്നു. നിരവധി സിനിമകള്‍ക്ക് വേണ്ടിയുള്ള അഭിനയ പരിശീലന കളരികളുടെ നേതൃത്വവും അദ്ദേഹം വഹിച്ചു. മങ്കിപ്പെന്‍, മാല്‍ഗുഡി ഡെയ്‌സ്, മൈ ഗോഡ്, മൈഗ്രേറ്റ് ഫാദര്‍, ഗോള്‍ഡ് കോയിന്‍, മഞ്ചാടിക്കുരു പുള്ളിമാന്‍ ആമി, ക്ലിന്റ് തുടങ്ങിയ അനേകം ചിത്രങ്ങളുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. സൈറയാണ് ഏകമകള്‍.



  • പാലക്കാട് : പാലക്കാട്‌ പട്ടഞ്ചേരി ഗ്രാമപഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു. ചികിത്സയിലിക്കേ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.ഒമ്പതാം വാർഡ് പാറക്കാട്ടുചള്ളയിൽ നിന്നുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ പാർട്ടി അംഗമാണ് സുഷമ . അസുഖ ബാധിതയായതിനാൽ ആശുപത്രിയിൽ വെച്ചായിരുന്നു സുഷമ സത്യപ്രതിജ്ഞ ചെയ്തത്.



  • കൊച്ചി: മുന്‍കാല മലയാള ചലച്ചിത്ര നടന്‍ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കല്പന, ഉർവശി, കലാരഞ്ജിനി എന്നീ അഭിനേത്രികളുടെയും പരേതനായ നടൻ പ്രിൻസിന്റെ സഹോദരനാണ് അദ്ദേഹം. സിനിമാ കുടുംബത്തിൽ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ കമല്‍ റോയ്, വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. ഭാര്യയും ഒരു മകനുമുണ്ട്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 

    "നടൻ കമൽ റോയ് അന്തരിച്ചു. ആദരാഞ്ജലികൾ.  "കല്യാണ സൗഗന്ധികം"എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു", എന്നാണ് സംവിധായകന്‍ വിനയന്‍ അനുശോചനം അറിയിച്ച് കുറിച്ചത്. 

    'സായൂജ്യം', 'കോളിളക്കം', 'മഞ്ഞ്', 'കിങ്ങിണി', 'കല്യാണസൗഗന്ധികം', 'വാചാലം', 'ശോഭനം', ദ് കിങ് മേക്കർ', 'ലീഡർ' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം, 'ശാരദ' തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 'യുവജനോത്സവം' എന്ന ചിത്രത്തിലെ 'ഇന്നും എന്റെ കണ്ണുനീരിൽ' എന്ന ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് കമൽ ആണ്.


  • കാവശ്ശേരി : വടക്കഞ്ചേരി കുന്നംപളളി വീട്ടിൽ ശിവദാസൻ (കൂട്ടൻ - 72) അന്തരിച്ചു. ഭാര്യ: മഞ്ഞപ്ര നീലാഞ്ചേരി വീട്ടിൽ നളിനി, മകൾ : സുവർണ, മരുമകൻ : ഉമേഷ് കുമാർ (കണ്ണൻ - KSEB പാടൂർ), സഹോദരങ്ങൾ : ശശി, അശോകൻ, വിജയൻ, ശ്രീകണ്ഠൻ, ശാന്തകുമാരി, ഇന്ദിര, ഗീതാ വി പിള്ള. സംസ്കാരം നടത്തി.


  • കൊച്ചി: യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെയാണ് പ്രഫുല്‍ മലയാള സിനിമയ്ക്ക് പരിചിതനായത്. വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. ഭാര്യ അനുരൂപ. സംസ്കാരം ഇന്ന് രാത്രി 8:30-ന് വീട്ടുവളപ്പില്‍.






  • മുംബൈ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രയാഗിലെ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് അന്ത്യം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകുണ്ഡില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു.

    പൂനെയില്‍ 1942 മെയ് 24നാണ് ജനനം. അമ്മ പ്രമീള. അച്ഛന്‍ സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിത-പരിസ്ഥിതിശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് ചെയ്തു.

    1973 മുതല്‍ 2004 വരെ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അധ്യാപകനായിരുന്നു. ഇക്കാലയളവില്‍ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തില്‍ ഒരു വിഭാഗം ആരംഭിക്കുകയുണ്ടായി. സ്റ്റാന്‍ഫോഡിലും ബെര്‍ക്ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും ഗാഡ്ഗില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയും പ്രവർത്തിച്ചു.

    ജന സംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. 2002-ലെ ഇന്ത്യ ബയോഡൈവേഴ്സിറ്റി ആക്ട് ഉണ്ടാക്കിയ സമിതിയില്‍ ഡോ. ഗാഡ്ഗില്‍ അംഗമായിരുന്നു. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായി ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു.





  • കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 3.40ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. കബറടക്കം ബുധൻ രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.   ഭാര്യ നദീറ, മക്കൾ അഡ്വ. വി ഇ അബ്ദുൾ ഗഫൂർ, വി ഇ അബ്ബാസ്, വി ഇ അനൂബ്.  

    നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി. 2001 – 2006ലെ യുഡിഎഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി. 2001ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചു. 2006ല്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ചു. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

    മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചെയർമാൻ, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മന്ത്രിയായിട്ടുള്ള പ്രവർത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാൻ ക്രോണിക്കിളിന്റെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യുഎസ്എ ഇൻറർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് എന്നിവയ്ക്കും അർഹനായി. 



  • പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ചായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ വെച്ച് നടക്കും. കുട്ടിശങ്കരൻ - സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണൻ പട്ടാമ്പി സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്.

    റിലീസാവാനിരിക്കുന്ന റേച്ചലിൽ ആണ് അവസാനം അഭിനയിച്ച ചിത്രം. പുലിമുരുകൻ , പുനരധിവാസം , അനന്തഭദ്രം , ഒടിയൻ , കീർത്തിചക്ര , വെട്ടം , ക്രേസി ഗോപാലൻ , കാണ്ഡഹാർ , തന്ത്ര , 12 th മാൻ, ,മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കിളിച്ചുണ്ടൻ മാമ്പഴം, തുടങ്ങി 23 ഓളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മേജർ രവി , ഷാജി കൈലാസ് , വി കെ പ്രകാശ് , സന്തോഷ് ശിവൻ , കെ ജെ ബോസ് , അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ നിർമ്മാണ നിർവ്വഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.


  • കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് കെ.പി. അബൂബക്കർ ഹസ്റത്ത് (85) അന്തരിച്ചു. രാവിലെ 5 മണിയോടെ ആയിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം വൈകിട്ട് 4 മണിയോടെ കൊല്ലം മുട്ടക്കാവ് ജുമുഅ മസ്ജിദിൽ വച്ച് നടക്കും. അബൂബക്കർ ഹസ്റത്ത് അബ്ദുന്നാസർ മഅദനി ഉൾപ്പടെ ഉള്ളവരുടെ ഗുരുവായിരുന്നു. 1937ലാണ് കെ.പി. അബൂബക്കർ ഹസ്റത്ത് ജനിച്ചത്. കേരളത്തിലെ ആദ്യ ഫൈസി ബിരുദധാരികളിൽ ഏറ്റവും മുതിർന്ന പണ്ഡിതനായിരുന്നു അദ്ദേഹം. ആറര പതിറ്റാണ്ടായി അധ്യാപന രംഗത്തുള്ള പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.



  • കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുൻ എംഎൽഎയുമായ കെകെ നാരായണൻ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ന് പെരളശ്ശേരി സ്കൂളിൽ പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2011 - 16 കാലത്ത് ധർമ്മടം നിയോജകമണ്ഡലത്തിലെ എംഎൽഎയായ കെ കെ നാരായണൻ 2016ൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മാറുകയായിരുന്നു. 29 വർഷം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ കെ നാരായണൻ നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ്. 2005 - 2010 കാലത്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റായിരുന്ന നാരായണൻ എകെജി ആശുപത്രി പ്രസിഡന്‍റ് ചുമതലയും വഹിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.



  • ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്നു. ധാക്കയിലെ എവര്‍കേയര്‍ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ബിഎന്‍പി തന്നെയാണ് മരണവിവരം അറിയിച്ചത്.

    ശ്വാസകോശത്തിലും ഹൃദയത്തിലുമുണ്ടായ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ 36 ദിവസമായി ചികിത്സയിലായിരുന്നു. ഖാലിദ സിയയ്ക്ക് ന്യുമോണിയയും ബാധിച്ചിരുന്നു. നിരവധി രോഗങ്ങള്‍ ഖാലിദ സിയയെ പിടികൂടിയിരുന്നു. ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം എന്നീ രോഗങ്ങളും കിഡ്‌നി, ശ്വാസകോശങ്ങള്‍, ഹൃദയം, കണ്ണ് എന്നിവയെ ബാധിക്കുന്ന രോഗങ്ങളും ഖാലിദ സിയയ്ക്ക് പിടിപ്പെട്ടിരുന്നു.

    1981ല്‍ സിയാ ഉറിനെ സൈന്യം വധിച്ചപ്പോഴാണ് ഖാലിദ സിയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1984 മുതല്‍ ബിഎന്‍പിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. 1991ലാണ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. 1991 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാ ഉര്‍ റഹ്‌മാന്റെ ഭാര്യയായിരുന്നു.





  • കൊച്ചി: മുതിർന്ന സിപിഎം നേതാവ് കെ എം സുധാകരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ട്രേഡ് യൂണിയൻ നേതാവാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ദീർഘകാലം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു.

    സംസ്കാരം വൈകീട്ട് വൈപ്പിൻ നായരമ്പലത്തുള്ള വസതിയിൽ നടക്കും.1935 ൽ ജനിച്ച കെ എം സുധാകരന് ജീവിതസാഹചര്യങ്ങൾ മൂലം ഒന്നാം ഫോറത്തിനുശേഷം പഠനം തുടരാനായില്ല. പിന്നീട് ചെത്തുത്തൊഴിലാളിയായി മാറി. 1953ല്‍ സിപിഐ കാന്‍ഡിഡേറ്റ് അംഗമായ സുധാകരൻ നായരമ്പലത്തെ ആദ്യ പാര്‍ട്ടി സെല്‍ സെക്രട്ടറിയായി.

    1964ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയ സെക്രട്ടറിയായും 35 വർഷം സംസ്ഥാന കമ്മിറ്റിയിലും കെ എം സുധാകരൻ പ്രവർത്തിച്ചു. കെഎസ്​കെടിയു ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന ട്രഷറർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ 16 മാസം കരുതല്‍ തടവിൽ കഴിഞ്ഞിട്ടുണ്ട്.



  • കോട്ടയം: നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാനിരിക്കെ പഞ്ചായത്തംഗം അന്തരിച്ചു. കോട്ടയം മീനടം പഞ്ചായത്തംഗമായി വിജയിച്ച പ്രസാദ് നാരായണനാണ് അപ്രതീക്ഷിത വിയോഗം ഉണ്ടായത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മീനടം ഒന്നാം വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.


  • കണ്ണൂർ: ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. സംസ്കാരം വൈകീട്ട് മൂന്നിന് മാഹി പൊതുശ്മശാനത്തിൽ നടക്കും. എഴുത്തുകാരന്‍ എം മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനാണ്. 

    മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1983-ല്‍ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി വിരമിച്ചു.

    നനവ്, വധു, സപ്തംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം എന്നിവയാണ് രാഘവന്റെ ചെറുകഥാസമാഹാരങ്ങൾ. നങ്കീസ്, അവന്‍, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങള്‍ എന്നിവയാണ് നോവലുകൾ. കര്‍ക്കിടകം, ചതുരംഗം, ഹെലന്‍ സിക്ള്‍സ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവര്‍ത്തനമായ 'ദോറയുടെ കഥ' എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. 


  • ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ച് നാളുകളായി വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു.

    മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ ശിവരാജ് പാട്ടീലായിരുന്നു ആഭ്യന്തര മന്ത്രി. ഭീകരാക്രമണത്തെ തുടര്‍ന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. ഏഴ് തവണയാണ് ലാത്തൂര്‍ ലോക്‌സഭാ സീറ്റില്‍ നിന്നും ശിവരാജ് പാട്ടീല്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2004ല്‍ ബിജെപിയുടെ രുപാതായ് പട്ടീല്‍ നീലന്‍ഗേകറുമായി പരാജയപ്പെട്ടു.

    2010 മുതല്‍ 2015 വരെ പഞ്ചാബ് ഗവര്‍ണറായും ഛണ്ഡീഗഡിലെ അഡ്മിനിസ്‌ട്രേറ്ററായും ശിവരാജ് പാട്ടീല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്‌സഭാ സ്പീക്കറും സേവനം അനുഷ്ഠിച്ചു. മുതിര്‍ന്ന നേതാവിന്റെ വിയോഗത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി.



  • തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയൻ (കെയുഡബ്ല്യുജെ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ (75) അന്തരിച്ചു. കേരള കൗമുദിയിലെ ലേഖകനായിരുന്നു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. 

    ആദ്യകാല തിരുവനന്തപുരം മേയർമാരിലൊരാളായ സത്യകാമൻ നായരുടെ മകനാണ്. ജഗതിയിലെ ഉള്ളൂർ സ്മാരകം സെക്രട്ടറിയായിരുന്നു. കേരള കൗമുദിയിൽ തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിലായി ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്നു. കേരളകൗമുദി പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 

    മാധ്യമ പ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ മുന്നണിയിൽ നിലകൊണ്ട ജയശങ്കർ പത്രപ്രവർത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. 1998 - 99 , 2001-2003, 2003-2005 കാലയളവിലാണ് ജയശങ്കര്‍ യൂനിയന്‍റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. എസ് ജയശങ്കറിന്‍റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക യൂണിൻ സംസ്ഥാനകമ്മിറ്റി അനുശോചിച്ചു. ഒരു നാളിൽ കരുത്തായി കാവലായി സംഘടനയെ മുന്നോട്ടു നയിച്ച നേതാവാണെന്ന് യൂണിയൻ അനുസ്മരിച്ചു.



  • ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിർമാതാവും എ വി എം പ്രൊഡക്ഷൻസിന്റെ ഉടമയുമായ എ വി എം ശരവണൻ (86) അന്തരിച്ചു. 86-ാം ജന്മദിനത്തിന് പിറ്റേന്ന് ചെന്നൈയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർ‌ന്ന് കഴിഞ്ഞ രണ്ട് വർഷമായി നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ശരവണനെ കഴിഞ്ഞ മാസം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

    തമിഴ് സിനിമയിലെ ഹിറ്റ് നിർമാതാക്കളിൽ ഒരാളായിരുന്നു. എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. എ വി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൂറോളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

    അദ്ദേഹത്തിന്റെ പിതാവും സംവിധായകനും നിർമാതാവുമായ എ വി മെയ്യപ്പ ചെട്ടിയാർ ആണ് 1945 ൽ എ വി എം സ്റ്റുഡിയോസ് സ്ഥാപിക്കുന്നത്. പിന്നീട് എ വി എം ശരവണൻ നിർമാണക്കമ്പനി ഏറ്റെടുക്കുകയായിരുന്നു. സംസാരം അടി മിൻസാരം, നീനു ഒരടപ്പിന്നു, ശിവാജി, വേടഗാഡു, അയൻ, മിൻസാര കനവ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു.

    നിരവധി സൂപ്പർ സ്റ്റാറുകളെ സിനിമാ ലോകത്ത് പരിചയപ്പെടുത്തിയ എ വി എം കമ്പനി നിലവിൽ അദ്ദേഹത്തിന്റെ മകൻ എം എസ് ഗുഹന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ലീഡർ, എവരൈന കുംകും, ജെമിനി, ആ ഒക്കത്തി അടക്കു, സംസാരം ഒക്ക ചദരം, ശിക്ഷ, നാഗു, മൂടു മുള്ള തുടങ്ങി ഒട്ടേറെ തെലുങ്ക് സിനിമകളും നിർമിച്ചിട്ടുണ്ട്.

    നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. വടപളനി എവിഎം സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.



  • കൊച്ചി: മാധ്യമപ്രവര്‍ത്തകനും കളമശേരി എസ്‌സിഎംഎസ് കോളേജിലെ പിആര്‍ മാനേജറുമായ സനല്‍ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സനല്‍ പോറ്റി. നിരവധി ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു സനല്‍പോറ്റി. രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം രണ്ട് വര്‍ഷം മുന്‍പ് നിലച്ചിരുന്നു. 2018-ല്‍ പക്ഷാഘാത ബാധിതനായിരുന്നു. മൃതദേഹം സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍.



  • കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. 2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.


  • കാൻപുർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ (81) അന്തരിച്ചു. രോ​ഗബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സിവിൽ ലൈൻസ് ഏരിയയിലെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

    1944 സെപ്തംബർ 25ന് കാൺപൂരിൽ ജനിച്ച ശ്രീപ്രകാശ് ജയ്‌സ്വാൾ നാല് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് 1989 ൽ കാൻപൂർ മേയറായി ചുമതലയേറ്റു. കാൻപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ (1999, 2004, 2009) അദ്ദേഹം ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 

    മൻമോഹൻ സിങ്‌ മന്ത്രിസഭയിൽ ആഭ്യന്തരസഹമന്ത്രി പദവിയും കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും നിർവഹിച്ചിരുന്നു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ സജീവരാഷ്ട്രീയത്തിൽനിന്ന് പിൻമാറി. ശ്രീപ്രകാശിന്റെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ അനുശോചിച്ചു.



  • മുംബൈ:വിഖ്യാത ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു. 98 വയസായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായി കണക്കാക്കുന്ന നടിയാണ് കാമി കൗശല്‍. 1946 ല്‍ നീച്ച നഗര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. ഈ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്.

    ദോ ബായ്, ശഹീദ്, സിദ്ധി, ശബ്‌നം, ബഡേ സര്‍ക്കാര്‍, ജെയ്‌ലര്‍, ആര്‍സൂ, നദിയാ കെ പാര്‍ തുടങ്ങിയ സിനിമകളില്‍ നായികയായി കാമിനി കൗശല്‍ കയ്യടി നേടിയിട്ടുണ്ട്. പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു. സമീപകാലത്തിറങ്ങിയ കബീര്‍ സിങ്, ലാല്‍ സിങ് ഛദ്ദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ തുടക്കകാലത്തെ താരങ്ങളില്‍ ഒരാളെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.


  • ചെന്നൈ: തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. നടന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരൾ സംബന്ധമായ രോഗമായിരുന്നു. 44 വയസായിരുന്നു പ്രായം. 2002ൽ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.

    തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിംഗാര ചെന്നൈ, പൊൻ മെഗാലൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് സൊല്ല സൊല്ല ഇനിക്കും, പലൈവന സൊലൈ എന്നീ ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ചു. തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകിയ അഭിനയ് ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.

    ഏതാനും മാസങ്ങൾക്ക് മുമ്പ്, നടൻ കെപിവൈ ബാല അദ്ദേഹത്തിന് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വർഷം ആദ്യം നടൻ ധനുഷും അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകൾക്കായി സംഭാവന നൽകിയതായി റിപ്പോർട്ടുണ്ട്.



  • തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള(67) അന്തരിച്ചു. അർബുദത്തെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. പത്തനംതിട്ടയിലെ മലയാപ്പുഴ സ്വദേശിയാണ് വി പി മഹാദേവന്‍. തിരുവനന്തപുരം ഉള്ളൂരിലായിരുന്നു സ്ഥിരതാമസം. ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് ഭൗതികദേഹം സംസ്‌കരിക്കും.

    2018 മുതല്‍ 2022 വരെ കേരള യൂണിവേഴ്‌സിറ്റി വിസിയായിരുന്നു ഡോ. വി പി മഹാദേവൻ പിള്ള. കേരള യൂണിവേഴ്‌സിറ്റിയെ NAA CA ++ന്റെ മികച്ച നേട്ടത്തിലേക്ക് നയിച്ചതും മഹാദേവന്‍ പിള്ള വിസി ആയിരിക്കുമ്പോളാണ്. കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസില്‍ ഒപ്‌റ്റോ ഇലക്ട്രോണിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍, വകുപ്പ് മേധാവി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.



  • തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ആര്‍ രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ആയിരുന്നു അന്ത്യം.  ഭാര്യ സി എം ഓമന. മക്കള്‍: ആര്‍ പ്രപഞ്ച് ഐഎഎസ്, ആര്‍ വിവേക്

    1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രി ആയിരുന്നു. 1980ല്‍ കോവളത്തുനിന്നും 1991ല്‍ പാറശാലയില്‍നിന്നും നിയമസഭയില്‍ എത്തി. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മന്ത്രിയായിരിക്കെയായിരുന്നു വിവാഹം. നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ഗാനങ്ങള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്.

    എക്സൈസ് മന്ത്രി ആയിരിക്കെ ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകള്‍ നടത്തിയതു വലിയ വാര്‍ത്തയായിരുന്നു.



  • മുംബൈ:  പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്. 1975-ൽ ഉൽജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രെ പെ ചെഹ്രാൻ, സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പിന്നണിഗായിക എന്ന നിലയിൽ 'തു ഹി സാഗർ തു ഹി കിനാര', 'പർദേശിയ തേരേ ദേശ് മേ', 'ബാന്ധി രേ കഹേ പ്രീത്', 'സോംവാർ കോ ഹം മിലേ' തുടങ്ങിയ ഹിറ്റുകൾ പാടിയിട്ടുണ്ട്. ഹരിയാനയിലെ ഹിസ്സറിൽ നിന്നുള്ള ഒരു സംഗീത കുടുംബത്തിൽ നിന്നാണ് സുലക്ഷണ പണ്ഡിറ്റ് സിനിമയിലേക്ക് എത്തുന്നത്. പണ്ഡിറ്റ് ജസ്രാജ് അവരുടെ അമ്മാവനായിരുന്നു.


  •  ബെംഗളൂരു: കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായിരുന്ന അദ്ദേഹം 'ഓം', 'കെജിഎഫ്' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ നടനാണ്, ബെംഗളൂരുവിലെ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലായിരുന്നു. ഹരീഷിന്റെ മരണം കന്നഡ സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

    തൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ചികിത്സയുടെ സാമ്പത്തിക ഭാരത്തെക്കുറിച്ചും ഹരീഷ് റായ് നേരത്തെ തുറന്നുപറഞ്ഞിരുന്നു. നടന്മാരായ യഷ്, ധ്രുവ് സർജ എന്നിവരുൾപ്പെടെ കന്നഡ സിനിമയിൽനിന്നുള്ള നിരവധിപ്പേർ ഹരീഷിന് ചികിത്സാസഹായമെത്തിച്ചിരുന്നു. ഉപേന്ദ്ര സംവിധാനംചെയ്ത് ശിവരാജ്കുമാർ നായകനായ ഓം എന്ന ചിത്രം റിലീസായതിനുപിന്നാലെയാണ് ഹരീഷ് പ്രശസ്തിയിലേക്കുയർന്നത്. സിംഹരൂപിണി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്.

    'ഓം', 'സമര', 'ബാംഗ്ലൂർ അണ്ടർവേൾഡ്', 'ജോഡിഹക്കി', 'രാജ് ബഹദൂർ', 'സഞ്ജു വെഡ്സ് ഗീത', 'സ്വയംവര', 'നല്ല', കൂടാതെ 'കെജിഎഫി'ന്റെ രണ്ട് ഭാഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിൽ ഹരീഷ് റായ് അഭിനയിച്ചിട്ടുണ്ട്. നടൻ യഷുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നടനായിരുന്നു ഹരീഷ് റായ്. ഒറ്റ കുത്തിവെപ്പിന് 3.55 ലക്ഷം രൂപ വില വരുമെന്നും, 63 ദിവസം നീണ്ടുനിൽക്കുന്ന ഒരു സൈക്കിളിൽ മൂന്ന് കുത്തിവെപ്പുകൾ ആവശ്യമാണെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.



  • കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അന്തരിച്ചു. 80 വയസ്സായിരുന്നു. മയ്യത്ത് നിസ്‌കാരം ഇന്ന് രാവിലെ എട്ട് മണിക്ക് കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് ക്യാമ്പസിലെ ഹാമിലി മസ്ജിദിലും വൈകുന്നേരം മൂന്നു മണിക്ക് താമരശ്ശേരിക്കു സമീപം കട്ടിപ്പാറ- ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും.

    സുന്നി മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്, കാരന്തൂര്‍ മര്‍ക്കസ് ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സുന്നി യുവജന സംഘം മുന്‍ സംസ്ഥാന ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1945ല്‍ കുഞ്ഞായിന്‍ കുട്ടി ഹാജിയുടെയും ഇമ്പിച്ചി ആയിശ ഹജ്ജുമ്മയുടെയും മകനായാണ് ജനനം. കോഴിക്കോട് കട്ടിപ്പാറ ചെമ്പ്രകുണ്ട് കറുപ്പനക്കണ്ടി വീട്ടിലായിരുന്നു താമസം. മങ്ങാട്, ഇയ്യാട്, തൃപ്പനച്ചി പാലക്കാട്, ഉരുളിക്കുന്ന്, ആക്കോട്, പുത്തൂപ്പാടം, പരപ്പനങ്ങാടി പനയത്തില്‍, ചാലിയം, വടകര എന്നിവിടങ്ങളില്‍ ദര്‍സ് പഠനം. 


  • ബെംഗളൂരു: വിഖ്യാത ഹോക്കി താരം ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. 78 വയസ്സായിരുന്നു. ബംഗലൂരുവില്‍ രാവിലെ 8.10 നായിരുന്നു അന്ത്യം. ബെംഗളൂരുവിലെ ഹെബ്രാല്‍ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ സ്വദേശിയാണ്.

    ഒളിംപിക് മെഡല്‍ നേടിയ ആദ്യ മലയാളിയാണ് മാനുവല്‍ ഫ്രെഡറിക്. 1972ലെ മ്യൂണിക് ഒളിംപിക്സില്‍ ഹോളണ്ടിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു. ഇന്ത്യന്‍ ഹോക്കി ടൈഗര്‍ എന്ന പേരിലാണ് മാനുവല്‍ അറിയപ്പെട്ടിരുന്നത്.

    1971 ലാണ് മാനുവല്‍ ഫ്രെഡറിക് ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുന്നത്. രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഏഴു വര്‍ഷം ഇന്ത്യന്‍ ജഴ്സിയണിഞ്ഞു. 16 ദേശീയ ചാംപ്യന്‍ഷിപ്പുകള്‍ ടൈബ്രേക്കറില്‍ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തമാണ്. 17-ാം വയസ്സില്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ മാനുവല്‍ ഫ്രെഡറിക് കളിച്ചു. കായികരംഗത്തെ സംഭാവനകള്‍ക്ക് 2019 ല്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് നല്‍കി മാനുവല്‍ ഫ്രെഡറികിനെ രാജ്യം ആദരിച്ചിട്ടുണ്ട്.



  • ഇന്ത്യന്‍ പരസ്യലോകത്തെ രാജാവ് പീയുഷ് പാണ്ഡേ (70) വിടവാങ്ങി. അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊണ്ണൂറുകളില്‍ ജനപ്രിയമായ ഒട്ടുമിക്ക പരസ്യങ്ങളുടേയും സൃഷ്ടവാണ് വിടവാങ്ങിയത്. കാഡ്ബറി, ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയുടെ ശ്രദ്ധേയമായ പരസ്യങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് പീയുഷ് പാണ്ഡേയായിരുന്നു.

    നാല് പതിറ്റാണ്ടോളം ഇന്ത്യന്‍ പരസ്യരംഗത്ത് പ്രവര്‍ത്തിച്ച വ്യക്തിയാണ് പീയുഷ് പാണ്ഡേ. ജനപ്രിയ പരസ്യങ്ങള്‍ നിര്‍മിച്ച ഒഗില്‍വിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും വേള്‍ഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറുമായിരുന്നു. 1982 ൽ ഒഗില്‍വിയില്‍ എത്തിയ പിയുഷ് പാണ്ഡേ സണ്‍ലൈറ്റ് ഡിറ്റര്‍ജന്റിന്റെ പരസ്യത്തിലൂടെയാണ് കരിയര്‍ തുടങ്ങിയത്. ഇന്ത്യന്‍ പരസ്യമേഖലയുടെ മുഖവും ആത്മാവും സൃഷ്ടിച്ച പ്രതിഭയെന്നാണ് പീയുഷ് പാണ്ഡേയെ വിശേഷിപ്പിക്കുന്നത്.

    സെക്കന്റുകള്‍ മാത്രമുള്ള പരസ്യങ്ങളിലൂടെ വലിയ കഥകഥള്‍ തന്നെ പറഞ്ഞ് ജനങ്ങളുടെ ഹൃദയത്തിലേക്ക് എത്തിച്ച വ്യക്തിയാണ് പീയുഷ് പാണ്ഡേ. പാശ്ചാത്യശൈലിയില്‍ നിന്ന് മാറി ഇന്ത്യയുടെ ഗ്രാമങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുവെന്നതായിരുന്നു അദ്ദേഹത്തിന്റെ പരസ്യങ്ങളുടെ പ്രത്യേകതയും വിജയവും. പ്രാദേശിക ഭാഷാശൈലിയിലേക്ക് പരസ്യങ്ങളെ വഴിതിരിച്ചു നടത്തിയെന്നതായിരുന്നു അദ്ദേഹത്തിന്റെ വിജയം.

    2018-ൽ സഹോദരൻ പ്രസൂൺ പാണ്ഡെക്കൊപ്പം കാൻസ് ലയൺസിന്റെ പരമോന്നത ബഹുമതിയായ 'ലയൺ ഓഫ് സെന്റ് മാർക്ക്' നേടുന്ന ആദ്യ ഏഷ്യക്കാരനായി. 2004-ൽ കാൻസ് ഫിലിം ഫെസ്റ്റിവലിലെ ആദ്യ ഏഷ്യൻ ജൂറി പ്രസിഡന്റായും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. കൂടാതെ, ഇന്ത്യൻ പരസ്യരംഗത്തുനിന്ന് ആദ്യമായി പത്മശ്രീ (2016) നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. വിനയവും ലാളിത്യവും കൈവിടാതെ നിന്ന ഈ ഇതിഹാസത്തിന്റെ വിയോഗം ക്രിയേറ്റീവ് ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. 



  • ചെന്നൈ: പ്രശസ്ത സിനിമ ഫൈറ്റ് മാസ്റ്ററും നിർമാതാവുമായ മലേഷ്യ ഭാസ്‌കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുതിർന്ന സംവിധായകരായ ഫാസിൽ, സിദ്ധിഖ്, സിബി മലയിൽ എന്നിവരുടെയും പുതുമുഖ സംവിധായകരുടെയും ചിത്രങ്ങളിലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു. ഫ്രണ്ട്‌സ്, മൈ ഡിയര്‍ കരടി, കൈയെത്തും ദൂരത്ത്, അമൃതം, ബോഡി ഗാര്‍ഡ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ ഫൈറ്റ് കൊറിയോഗ്രഫി നിർവഹിച്ചത് അദ്ദേഹമാണ്. മലേഷ്യയിലാണ് സംസ്കാരം.


  • തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് ചെന്നിത്തല തൃപ്പെരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയും ചെന്നിത്തല ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായ എൻ. ദേവകിയമ്മ (91) നിര്യാതയായി. തിങ്കളാഴ്ച രാവിലെ 5.30 നായിരുന്നു അന്ത്യം. സംസ്കാരം: ഒക്ടോബർ 21 ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ.

    മക്കൾ: രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ. ആർ വിജയലക്ഷ്മി (റിട്ട. ഗവ:അധ്യാപിക), കെ. ആർ പ്രസാദ് (റിട്ട: ഇന്ത്യൻ എയർ ഫോഴ്സ്). മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെൻ്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ- ഓപ്പറേറ്റീവ് ഡിപാർട്ട്മെൻ്റ് ), പരേതനായ സി.കെ രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യുത്ത് കോർഡിനേറ്റർ, നെഹ്റു കേന്ദ്ര ), അമ്പിളി എസ് പ്രസാദ് (റിട്ട. അസിസ്റ്റൻ്റ് ഡയറക്ടർ, ആകാശവാണി). കൊച്ചുമക്കൾ: ഡോ രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കൽ കോളജ്), രമിത് ചെന്നിത്തല ഐ ആർഎസ് (ഡെപ്യൂട്ടി ഡയറക്ടർ, ഇൻകം ടാക്സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആർ കൃഷ്ണൻ ( പി.ആർ.എസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്.എ), പ്രണവ് പി നായർ (സയൻറിസ്റ്റ് ബി.എ.ആർ.സി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകൻ).



  • ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു. വി എസിന്റെ ജന്മവീടുകൂടിയായ വെന്തലത്തറ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 12.10 ഓടെയായിരുന്നു അന്ത്യം. 

    ഒരു വർഷത്തിലേറെയായി ശാരീരിക അവശതകളെത്തുടർന്ന് കിടപ്പിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്‌ച വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്‌കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല. മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ. മറ്റ് സഹോദരങ്ങൾ: പരേതരായ വി എസ് ഗംഗാധരൻ, വി എസ് പുരുഷൻ.

    വി എസ് ഉൾപ്പെടെ മൂന്ന് സഹോദരന്മാർക്ക് ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി. സഹോദരന്മാരിൽ ഗംഗാധരനും പുരുഷനും നേരത്തെ മരിച്ചു. ഓണം ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ വി എസ് വെന്തലത്തറയിലെ വീട്ടിലെത്തി ആഴിക്കുട്ടിയെ കാണാതെ മടങ്ങാറില്ലായിരുന്നു. 2019ലാണ് അവസാനമായി വി എസ് ആഴിക്കുട്ടിയെ കാണാനെത്തിയത്. ഓണപ്പുടവയുമായെത്തി മടങ്ങിയതാണന്ന്. ആഴിക്കുട്ടിയുടെ വിയോഗത്തോടെ വി എസിന്റെ കൂടപ്പിറപ്പുകളിൽ അവസാനത്തെയാളാണ്‌ വിടപറയുന്നത്‌.



  • തൃശ്ശൂര്‍: സിപിഐഎം നേതാവും മുന്‍ കുന്നംകുളം എംഎല്‍എയുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 67 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

    ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ബാബു എം പാലിശ്ശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്.

    കുന്നംകുളം കടവല്ലൂര്‍ സ്വദേശിയാണ്. രണ്ട് തവണ കുന്നംകുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം, സിപിഐഎം കുന്നംകുളം ഏരിയ സെക്രട്ടറി, ലൈബ്രററി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.



  • തിരുവനന്തപുരം: ആദ്യകാല സിനിമ നിര്‍മ്മാതാവും എഴുത്തുകാരനുമായ പി സ്റ്റാന്‍ലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. 1944ൽ കൊല്ലത്താണ് സ്റ്റാൻലിയുടെ ജനനം.മൂന്ന് പതിറ്റാണ്ടുകാലം മദ്രാസില്‍ സിനിമാരംഗത്ത് എ വിന്‍സന്റ്, തോപ്പില്‍ ഭാസി എന്നിവര്‍ക്കൊപ്പം സഹസംവിധായകന്‍, കഥാകൃത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

    കൊല്ലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പൊലിക്കാര്‍പ്പിന്റെ മകനായി 1944ല്‍ കൊല്ലത്ത് ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ക്രേവന്‍ സ്‌കൂളിലായിരുന്നു. മദ്രാസ് ഡോണ്‍ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ജേര്‍ണലിസവും ഫിലിം ഡയറക്ഷനില്‍ പരിശീലനവും നേടി. 1965ല്‍ കൊല്ലത്ത് സിതാര പ്രിന്റേഴസ് ആരംഭിച്ചു. 1966 മുതല്‍ മദ്രാസിലേക്കുപോയി. 1990ല്‍ ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ സ്ഥിര താമസമാക്കി. 'വാസ്തുകലാപീഠം' എന്ന കെട്ടിടനിര്‍മ്മാണ സ്ഥാപനത്തിന്റെ ഡയറക്ടറും, വാസ്തു കണ്‍സള്‍ട്ടന്റുമായിരുന്നു.

    വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ അനാവരണം, പൊന്നും പൂവും തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ സഹസംവിധായകനായിരുന്നു സ്റ്റാൻലി.  തൂവാനത്തുമ്പികൾ, മോചനം, വരദക്ഷിണ, തീക്കളി എന്നിവ ഉൾപ്പെടെ നിരവധി സിനികൾ നിർമിച്ചിട്ടുണ്ട്.

    കനൽവഴിയിലെ നിഴലുകൾ, മാന്ത്രികപ്പുറത്തിൻ്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികൾ, ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം എന്നിവ സ്റ്റാൻലി എഴുതിയ നോവലുകളാണ്. ഒരിടത്തൊരു കാമുകി കഥാസമാഹാരമാണ്.വാസ്‌തുസമീക്ഷ (ശാസ്ത്ര പുസ്‌തകം),ഓർമകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിൻ്റെ അടിക്കുറിപ്പുകൾ (ഓർമക്കുറിപ്പുകൾ) എനിവയാണ് മറ്റ് പ്രധാന കൃതികൾ.