12 December, 2025 01:09:22 PM


വ്യാപക സൈബർ ആക്രമണം നേരിടുന്നു- അതിജീവിതയുടെ അഭിഭാഷക



കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ തനിക്കെതിരെ നടക്കുന്നത് വലിയ സൈബർ ആക്രമണമെന്ന് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ.ടി ബി മിനി. 'തനിക്കെതിരെയി വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. പച്ചക്കള്ളങ്ങളാണ് പറയുന്നത്. അതില്‍ ചില സംഘടനകളും മറുനാടന്‍ മലയാളി പോലുള്ള ചാനലുകളുമുണ്ട്. അവിടെ ഇരുന്ന് മറുനാടന്‍ മലയാളി പച്ചക്കള്ളം അടിച്ച് വിടുകയാണ്. ഇതൊക്കെ എന്ത് മാധ്യമപ്രവർത്തനമാണ്. ഇത്രയും വർഷത്തോളും ഒറ്റക്ക് നിന്നുകൊണ്ടാണ് ഈ കേസില്‍ പൊരുതുന്നത്. മാധ്യമങ്ങള്‍ എന്നെ സഹായിച്ചില്ലെന്ന് ഞാന്‍ പറയില്ല' അഡ്വ. ടിബി മിനി പറഞ്ഞു.

കുറ്റക്കാർ ആരാണെന്നും നിരപരാധികള്‍ ആരാണെന്നും ആരുടെ കുറ്റമാണ് തെളിയിക്കപ്പെടാതെ പോയതെന്നും കോടതി പറഞ്ഞ് കഴിഞ്ഞു. ഇനിയുള്ളത് കുറ്റക്കാർക്ക് എന്ത് ശിക്ഷ കിട്ടും എന്നതാണ്. ഓരോരുത്തർക്കും അവർ ചെയ്ത കുറ്റത്തിന് അനുസരിച്ചുള്ള ശിക്ഷ വിധിക്കും. പള്‍സർ സുനിക്ക് പത്ത് വർഷമാണെങ്കില്‍ അതില്‍ ഏഴ് വർഷം റിമാന്‍ഡ് തടവുകാരനായി ശിക്ഷ അനുഭവിച്ചതായി കണക്കാക്കും. മെമ്മറി കാർഡ് ചോർന്ന വിഷയത്തില്‍ കോടതി എന്ത് പറയും എന്നാണ് ഞാന്‍ നോക്കുന്നതെന്നും അവർ വ്യക്തമാക്കി.

കേരളത്തിലെ ഒട്ടുമിക്ക യൂട്യൂബേഴ്സിനേയും വിലക്കെടുത്ത് അക്രമിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിപരമായ അധിക്ഷേപമാണ്. നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് അടക്കം പച്ചക്കള്ളം പറയുന്നു. അവർക്കുവേണ്ടി നാല് വർഷത്തോളം രാപ്പകല്‍ പണിയെടുത്ത ഒരാളാണ്. ഇന്ന് നഴ്സുമാർക്ക് എന്തെങ്കിലും അവകാശം കിട്ടിയിട്ടുണ്ടെങ്കില്‍ അത് എന്‍റെ യുദ്ധം കൊണ്ട് കൂടി കിട്ടിയതാണ്. ഞാന്‍ മാത്രമല്ല, സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളായ സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയവരൊക്കെ പൊരുതി നേടിയെടുത്തതാണെന്നും ടി ബി മിനി ഓർമ്മിപ്പിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942